പോക്സോ കേസില്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കിയ പ്രതിക്ക് ജാമ്യം അനുവദിച്ച് കോടതി

Update: 2026-01-29 12:58 GMT

കണ്ണൂര്‍: ഏഴുവയസ് പ്രായമുള്ള രണ്ട് പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന കേസില്‍ അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്യാതെ ജാമ്യം അനുവദിച്ച് വിട്ടയച്ച് കോടതി. കണ്ണൂര്‍ കതിരൂര്‍ സ്വദേശി കെ മില്‍ജാദിനാണ് തലശ്ശേരി പോക്സോ കോടതി ജാമ്യം അനുവദിച്ചത്. സാധാരണഗതിയില്‍ പോക്‌സോ കേസുകളില്‍ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്യാറുള്ള പതിവിന് വിരുദ്ധമായ നടപടിയാണിത്.

രണ്ട് പെണ്‍കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിലാണ് മില്‍ജാദിനെ പോലിസ് അറസ്റ്റ് ചെയ്തത്. വിവാഹ ചടങ്ങിനെത്തിയ പെണ്‍കുട്ടികളെയായിരുന്നു പ്രതി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. മിഠായി നല്‍കി പ്രലോഭിപ്പിച്ചായിരുന്നു പ്രതി കുട്ടികളെ പീഡനത്തിന് ഇരയാക്കിയത്. കുട്ടികളുടെ കുടുംബം നല്‍കിയ പരാതിയില്‍ പ്രതിക്കെതിരേ പോലിസ് കേസെടുത്തു. ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു കോടതി ഇയാളെ സ്വന്തം ജാമ്യത്തിന് വിട്ടത്.