ജീവിക്കാനും ശ്വസിക്കാനും ഉള്ള അവകാശത്തേക്കാള്‍ പടക്കം പൊട്ടിക്കാനുള്ള അവകാശത്തിനാണ് കോടതി മുന്‍ഗണന നല്‍കിയത്: അമിതാഭ് കാന്ത്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരത്തില്‍ കോടതി സ്വീകരിച്ച നിലപാട് തെറ്റായെന്ന് നീതി ആയോഗിന്റെ മുന്‍ സിഇഒ അമിതാഭ് കാന്ത്. മലിനീകരണ നിയന്ത്രണം വേണ്ട വിധത്തില്‍ നടപ്പാക്കിയാല്‍ മാത്രമേ ഡല്‍ഹിയുടെ പരിസ്ഥിതിയെ രക്ഷിക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. 'ജീവിക്കാനും ശ്വസിക്കാനും ഉള്ള അവകാശത്തേക്കാള്‍ പടക്കം പൊട്ടിക്കാനുള്ള അവകാശത്തിനാണ്' സുപ്രിംകോടതി മുന്‍ഗണന നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ദീപാവലിയോടനുബന്ധിച്ച് തുടര്‍ച്ചയായി പടക്കങ്ങള്‍ പൊട്ടിച്ചതിനുശേഷം ദേശീയ തലസ്ഥാനം വിഷലിപ്തമായ വായുവിന്റെ ഉയര്‍ന്ന തോതിലേക്ക് എത്തിയെന്ന റിപോര്‍ട്ടുകള്‍ക്കുപിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
ഈ മാസം ആദ്യം സുപ്രിംകോടതി പടക്കം പൊട്ടിക്കുന്നതിനുള്ള നിരോധനം നീക്കുകയും ദീപാവലി ആഘോഷിക്കാന്‍ ഡല്‍ഹി നിവാസികള്‍ക്ക് പടക്കം ഉപയോഗിക്കാമെന്ന് പറയുകയും ചെയ്തു. രണ്ടുദിവസങ്ങളിലായി രാവിലെ ആറുമുതല്‍ ഏഴുവരെയും രാത്രി എട്ടുമുതല്‍ 10 വരെയും പടക്കം പൊട്ടിക്കാന്‍ കോടതി അനുമതി നല്‍കിയെങ്കിലും, ഡല്‍ഹി-എന്‍സിആറിലെ പല പ്രദേശങ്ങളിലും അര്‍ദ്ധരാത്രി കഴിഞ്ഞും പടക്കം പൊട്ടിക്കലുകള്‍ നടന്നു.
ദീപാവലിക്കുശേഷം വലിയ രീതിയിലാണ് ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം താഴ്ന്നതെന്നാണ് കണക്കുകള്‍ പറയുന്നത്. ലോകത്തിലെ ഏറ്റവും മലിനമായ പ്രധാന നഗരമായി ഇന്ത്യന്‍ തലസ്ഥാനം മാറിയെന്ന് സ്വിസ് ഗ്രൂപ്പായ ഐക്യുഎയര്‍ വ്യക്തമാക്കുന്നു. വായു ഗുണനിലവാര സൂചിക 400 കടന്നതോടെ പാരിസ്ഥിതികാവസ്ഥ വളരെ മോശം സ്ഥിതിയിലായി.
