തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി

Update: 2026-01-03 06:26 GMT

തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി കുറ്റപത്രം സമര്‍പ്പിച്ച് 19 വര്‍ഷത്തിന് ശേഷമാണ് വിധി പറഞ്ഞത്. മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷപ്പെടുത്താന്‍ ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്നാണ് കേസ്. ആന്റണി രാജുവും കോടതി ക്ലര്‍ക്കായിരുന്ന ജോസുമായിരുന്നു പ്രതികള്‍. ഇവര്‍ കുറ്റക്കാര്‍ ആണെന്നാണ് കോടതി കണ്ടെത്തി.

കേസിന്റെ വിചാരണ കഴിഞ്ഞമാസം 16ന് പൂര്‍ത്തിയായി. 29 സാക്ഷികളില്‍ 19 പേരെ വിസ്തരിച്ചു. മരണം, രോഗം എന്നിവ മൂലം എട്ടു പേരെ ഒഴിവാക്കി മറ്റു രണ്ടുപേരെ പ്രോസിക്യൂഷനും ഒഴിവാക്കിയിരുന്നു. 1990ലാണ് സംഭവം. ലഹരി മരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ വിദേശിയെ തിരുവനന്തപുരം ജില്ലാ കോടതി പത്തുവര്‍ഷത്തേക്ക് ശിക്ഷക്ക് വിധിച്ചു. കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ എത്തുമ്പോഴാണ് തിരിമറികള്‍ നടന്നത്. വിദേശിയെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അഭിഭാഷകന്‍ ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്നാണ് കേസ്. ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ തൊണ്ടിമുതലായ അടിവസ്ത്രം പ്രതിക്ക് ചേരുന്നതായിരുന്നില്ല. തൊണ്ടിമുതലില്‍ കൃത്രിമം വരുത്തിയതോടെ പ്രതിയെ കേസില്‍ നിന്ന് ഒഴിവാക്കി.

പിന്നാലെ മറ്റൊരു കേസില്‍ വിദേശത്തു ശിക്ഷിക്കപ്പെട്ട് ജയിലിലായ ഇയാള്‍ സഹതടവുകാരനോട് ഇക്കാര്യം തുറന്ന് പറയുകയായിരുന്നു. സഹതടവുകാരന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് 1994ല്‍ പോലിസ് കേസെടുത്തു. ഇന്റര്‍പോള്‍ സിബിഐയെ അറിയിക്കുകയും സിബിഐ കേരള പോലിസിന് വിവരം കൈമാറുകയുമായിരുന്നു. പതിമൂന്ന് വര്‍ഷം കഴിഞ്ഞാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന സുപ്രിംകോടതി ഉത്തരവിനെത്തുടര്‍ന്നായിരുന്നു നെടുമങ്ങാട് കോടതിയിലെ അന്തിമവാദം.

അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവും കോടതി ജീവനക്കാരനായിരുന്ന ജോസും ചേര്‍ന്ന് തൊണ്ടിമുതലില്‍ തിരിമറി നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. 2014ലാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സുപ്രിംകോടതിയെ സമീപിച്ചു. എന്നാല്‍ കേസില്‍ വിചാരണ നടക്കട്ടെ എന്നായിരുന്നു കോടതി നിര്‍ദേശം. തുടര്‍ന്നാണ് വഞ്ചിയൂര്‍ കോടതിയില്‍ നിന്ന് കേസ് നെടുമങ്ങാട് കോടതിയിലേക്ക് മാറ്റിയാണ് വിചാരണ പൂര്‍ത്തിയാക്കിയത്. വിചാരണയ്ക്കിടെ വീണ്ടും 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ചില വകുപ്പുകള്‍ കൂടി കൂട്ടിച്ചേര്‍ത്തു. ഈ വകുപ്പുകളിലും വാദം കേട്ടശേഷമാണ് ഇന്ന് കോടതി വിധി പറയുന്നത്.

Tags: