'ധാര്‍മ്മികതയുടെ പേരില്‍ മാത്രം കോടതിക്ക് ശിക്ഷ വിധിക്കാന്‍ കഴിയില്ല'; മലേഗാവ് കേസില്‍ കോടതി
മുംബൈ: മഹാരാഷ്ട്രയിലെ മാലേഗാവില്‍ നടന്ന ശക്തമായ സ്‌ഫോടനത്തിന് തെളിവില്ലെന്നു പറഞ്ഞ് ഏഴ് പ്രതികളെയും കോടതി വെറുതെ വിട്ടു. മുന്‍ ബിജെപി എംപി പ്രഗ്യാ സിങ് താക്കൂര്‍ , ലെഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത് എന്നിവരുള്‍പ്പെടെ ഏഴ് പ്രതികളെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.
'സമൂഹത്തിനെതിരായ ഗുരുതരമായ ഒരു സംഭവം നടന്നിട്ടുണ്ട്. എന്നാല്‍ ധാര്‍മ്മികതയുടെ പേരില്‍ മാത്രം കോടതിക്ക് ശിക്ഷ വിധിക്കാന്‍ കഴിയില്ല,' എന്നായിരുന്നു കോടതിയുടെ നീരീക്ഷണം.
'ഭീകരതയ്ക്ക് മതമില്ലെന്ന് സംശയമില്ല, പക്ഷേ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ശിക്ഷ ലഭിക്കില്ല' എന്നും ജഡ്ജി പറഞ്ഞു.വെറും സംശയം കൊണ്ട് കേസ് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്നും പ്രത്യേക ജഡ്ജി എ കെ ലഹോട്ടി പറഞ്ഞു. പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ സംശയാതീതമായി സ്ഥാപിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം വാദിക്കുകയായിരുന്നു.
2008 സെപ്റ്റംബര്‍ 29നാണ് രാജ്യത്തെ നടുക്കിയ മലേഗാവ് സ്ഫോടനം നടക്കുന്നത്. മോട്ടോര്‍ സൈക്കിളില്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. ആറ് പേര്‍ കൊല്ലപ്പെടുകയും 100ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയിലെ ഹേമന്ദ് കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യം കേസ് അന്വേഷിച്ചത്. എന്നാല്‍, മുംബൈ ആക്രമണത്തിനിടെ കര്‍ക്കരെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തിന് ഉപയോഗിച്ച എല്‍എംഎല്‍ ഫ്രീഡം മോട്ടോര്‍ സൈക്കിളിനെ കുറിച്ചുള്ള അന്വേഷണമാണ് പ്രഗ്യാ സിങ് താക്കൂറിലേക്ക് പോലിസിനെ എത്തിച്ചത്.
