ന്യൂഡല്‍ഹി: 2020ലെ ഡല്‍ഹി സംഘര്‍ഷത്തിനിടെ കൊള്ള നടത്തിയ അച്ചനെയും മകനെയും കോടതി വെറുതെവിട്ടു. തിരിച്ചറിയല്‍ പരേഡ് നടത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളായ മിഥാന്‍ സിങിനെയും മകന്‍ ജോണി കുമാര്‍ സിങിനെയും കോടതി വിട്ടയച്ചത്. സംഭവസ്ഥലത്ത് പ്രതികള്‍ ജയ് ശ്രീരാം മുദ്രാവാക്യം വിളിച്ചു നിന്നിരുന്നത് കൊണ്ട് മാത്രം അക്രമത്തില്‍ പങ്കുണ്ടെന്ന് പറയാനാവില്ലെന്ന് കോടതി പറഞ്ഞു. 2020 ഫെബ്രുവരി 25ന് രാവിലെ 11 മണിക്കാണ് കേസിനാസ്പദമായ സംഭവം. ഖജൂരി ഖാസ് പ്രദേശത്തെ മഹാരാഷ്ട്ര ബാന്‍ഡ് എന്ന സ്ഥാപനമാണ് ഹിന്ദുത്വ സംഘം ആക്രമിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ നോക്കിയാണ് ഈ രണ്ടു പേര്‍ അടക്കം ഏഴു പേര്‍ക്കെതിരേ പോലിസ് കേസെടുത്തത്. എന്നാല്‍, സംഭവം കണ്ട സാക്ഷികളൊന്നുമില്ലെന്നാണ് കോടതി പറഞ്ഞത്.