കണ്ണൂര്‍: മട്ടന്നൂര്‍ കൊടോളിപ്രത്ത് ദമ്പതികളെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഗോകുലം വീട്ടില്‍ ബാബു (58), ഭാര്യ സജിത (55) എന്നിവരെയാണ് ഉച്ചയ്ക്ക് പന്ത്രണ്ടോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാബുവിനെ കിടപ്പുമുറിയിലും സജിതയെ ഹാളിലെ ഫാനിലുമാണ് തൂങ്ങിയ നിലയില്‍ കണ്ടത്.
ഉച്ചയായിട്ടും വീട് തുറക്കാത്തതിനാല്‍ അയല്‍വാസികള്‍ മകന്‍ സുബിജിത്തിനെ വിവരമറിയിക്കുകയായിരുന്നു. മകന്‍ വീട്ടിലെത്തി മറ്റൊരു താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.
വിദേശത്തായിരുന്ന ബാബു പത്തു വര്‍ഷം മുന്‍പാണ് നാട്ടിലെത്തിയത്. പലിശ അടക്കം 25 ലക്ഷത്തോളം രൂപ ബാങ്കില്‍ അടയ്ക്കാനുണ്ടായിരുന്നുവെന്നും ഇതിന്റെ പ്രയാസത്തിലായിരുന്നു ബാബുവെന്നും നാട്ടുകാര്‍ പറഞ്ഞു. ജിബിഷയാണ് മകള്‍.