സഹകരണ വകുപ്പിലെ അഴിമതി; സഹകരണ മന്ത്രിയുടെ വാദം കള്ളമാണെന്ന് രമേശ് ചെന്നിത്തല

Update: 2026-03-28 05:00 GMT

തിരുവനന്തപുരം: ദിനേശ് ബീഡി സഹകരണ സംഘത്തിന് ടെന്‍ഡര്‍ നല്‍കിയതില്‍ ദുരൂഹത ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സഹകരണമേഖലയില്‍ അഴിമതി ആവര്‍ത്തിക്കുന്നുവെന്നും സഹകരണ മന്ത്രിയുടെ വാദം കള്ളമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ദിനേശ് ബീഡി സഹകരണ സംഘത്തിന് ടെന്‍ഡര്‍ നല്‍കണമെന്ന് മന്ത്രി ഉള്‍പ്പെടെ ആദ്യമേ തീരുമാനിച്ചിരുന്നു. ടെന്‍ഡര്‍ ക്ഷണിച്ചത് എത്ര ശാഖകള്‍ക്കാണെന്ന് വ്യക്തമാക്കാന്‍ പോലും തയ്യാറാകുന്നില്ല. പദ്ധതിയിലെ ക്രമക്കേടുകളാണ് താന്‍ പറഞ്ഞത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് അഴിമതി നടന്നത്. ദിനേശ് ബീഡി സഹകരണ സംഘം സമര്‍പ്പിച്ചതിനേക്കാള്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്തവരെ ഒഴിവാക്കി. ദിനേശ് ബീഡി സംഘം വ്യക്തതയില്ലാത്ത ക്വാട്ടാണ് നല്കിയത്. പുറത്ത് വന്നത് 700 കോടി രൂപയുടെ അഴിമതിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

സഹകരണ വകുപ്പില്‍ കേരളം കണ്ട ഏറ്റവും വലിയ ഒരു തട്ടിപ്പിന് കളമൊരുങ്ങുകയാണെന്നായിരുന്നു രമേശ് ചെന്നിത്തല നേരത്തെ ആരോപിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ടാറ്റ കണ്‍സള്‍ട്ടന്‍സിക്ക് നല്‍കാന്‍ സഹകരണവകുപ്പ് ധാരണയാക്കിയ, കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കായുള്ള പൊതു സോഫ്റ്റ് വെയര്‍ തയ്യാറാക്കാനുള്ള പദ്ധതി അതിന്റെ നാലിരട്ടിക്കു മേല്‍ തുകയ്ക്ക് ഈ രംഗത്ത് യാതൊരു മുന്‍പരിചയവുമില്ലാത്ത ദിനേശ് ബീഡി സഹകരണ സംഘത്തിന് കൈമാറുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

4,415 പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കായി സോഫ്റ്റ് വെയര്‍ തയ്യാറാക്കാന്‍ ടിസിഎസിന് 206 കോടിരൂപയ്ക്ക് ഉറപ്പിച്ച കരാര്‍ റദ്ദാക്കിയെന്നും ആ കരാര്‍ സിപിഎം നിയന്ത്രണത്തിലുള്ള ദിനേശ് ബീഡി സഹകരണ സംഘത്തിന് കൈമാറാണ് നീക്കമെന്നും അദ്ദേഹം പറയുന്നു. ദിനേശ് ബീഡി സംഘത്തിന് കരാര്‍ നല്‍കിയാല്‍ ചെലവ് 914 കോടിയാകും. ദിനേശ് സംഘത്തിനുവേണ്ടി കരാര്‍ നിബന്ധനകളില്‍ മാറ്റം വരുത്തുകയും ചെയ്‌തെന്ന് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

എന്നാല്‍ രമേശ് ചെന്നിത്തലയ്ക്ക് മറുപടിയായി സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ രംഗത്തെത്തുകയായിരുന്നു. അടിസ്ഥാനരഹിതമായ ആരോപണമാണ് രമേശ് ചെന്നിത്തല ഉന്നയിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

എന്നാല്‍, ഈ ആരോപണങ്ങള്‍ സാമാന്യബോധമില്ലാത്തതാണെന്ന് മന്ത്രി വി എന്‍ വാസവന്‍ പ്രതികരിച്ചു. സിംഗിള്‍ ബിഡ് ഒഴിവാക്കാനാണ് ടിസിഎസിനെ മാറ്റിയതെന്നും ഇതിനെതിരെ അവര്‍ കോടതിയെ സമീപിച്ചെങ്കിലും തിരിച്ചടി നേരിട്ടതായും മന്ത്രി ചൂണ്ടിക്കാട്ടി. ദിനേശ് ബീഡി എന്നത് ഒരു സഹകരണ സ്ഥാപനമാണെന്നും അതിനെ അഴിമതിയുമായി ബന്ധിപ്പിക്കുന്നത് തിരഞ്ഞെടുപ്പ് പ്രചരണ തന്ത്രം മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു.

Tags: