ഇസ്രായേലുമായുള്ള സഹകരണം; യൂറോപ്യന്‍ യൂണിയന്റേത് വഞ്ചനാപരമായ നിലപാട്: ആംനസ്റ്റി ഇന്റര്‍നാഷണല്‍

Update: 2025-07-16 07:39 GMT

ജറുസലേം: ഇസ്രായേല്‍ ഭരണകൂടവുമായുള്ള സഹകരണ കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതില്‍ യൂറോപ്യന്‍ യൂണിയന്‍ പരാജയപ്പെടുന്നത് ഫലസ്തീന്‍ രാഷ്ട്രത്തോട് ചെയ്യുന്ന ക്രൂരവും നിയമവിരുദ്ധവുമായ വഞ്ചന'യാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ സെക്രട്ടറി ജനറല്‍ ആഗ്‌നസ് കല്ലമാര്‍ഡ്. ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

'ഇസ്രയേലുമായുള്ള കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ വിസമ്മതിക്കുന്നത്, അന്താരാഷ്ട്ര നിയമം ഉയര്‍ത്തിപ്പിടിക്കുന്നതിലും സ്വേച്ഛാധിപത്യ രീതികള്‍ക്കെതിരേ പോരാടുന്നതിനുമുള്ള യൂറോപ്യന്‍ പദ്ധതിയെയും ദര്‍ശനത്തെയും എതിര്‍ക്കുന്നതാണ്. യൂറോപ്യന്‍ യൂണിയന്റെ നിയമങ്ങളെയും ഫലസ്തീനികളുടെ മനുഷ്യാവകാശങ്ങളെയും ഇത് ലംഘിക്കുന്നു,' കല്ലമാര്‍ഡ് പറഞ്ഞു.

ഇസ്രായേലുമായുള്ള സഹകരണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിനെക്കുറിച്ചും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച യൂറോപ്യന്‍ യൂണിയന്റെ വിദേശകാര്യ മന്ത്രിമാര്‍ ബ്രസ്സല്‍സില്‍ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍, വ്യാപാര കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കല്‍, ആയുധ ഉപരോധം അല്ലെങ്കില്‍ വിസ വിതരണത്തിലെ നിയന്ത്രണങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള നിര്‍ദിഷ്ട നടപടികള്‍ നിരസിക്കപ്പെട്ടു.

ഇസ്രായേല്‍ ഭരണകൂടവുമായുള്ള യൂറോപ്യന്‍ യൂണിയന്റെ സഹകരണ കരാര്‍ 2000 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇരുപക്ഷവും തമ്മിലുള്ള രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക സഹകരണത്തിനുള്ള പ്രധാന ചട്ടക്കൂടാണ് ഈ കരാര്‍.

ഇസ്രായേല്‍ ഭരണകൂടവുമായി സഹകരണം തുടരാനുള്ള യൂണിയന്‍ തീരുമാനിച്ചിട്ടും, അയര്‍ലന്‍ഡ്, സ്‌പെയിന്‍, ബെല്‍ജിയം, സ്ലോവേനിയ എന്നിവയുള്‍പ്പെടെ നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ കഴിഞ്ഞ മാസങ്ങളില്‍ ഈ കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനോ ഉടനടി പുനഃപരിശോധിക്കാനോ ആവശ്യപ്പെട്ടിരുന്നു.

Tags: