ജിയോ-സ്പേഷ്യല്‍ രംഗത്ത് സഹകരണം: എന്‍ഐടി കാലിക്കറ്റും സര്‍വേ ഓഫ് ഇന്ത്യയും ധാരണാപത്രം ഒപ്പുവെച്ചു

Update: 2025-11-07 15:41 GMT

കോഴിക്കോട്: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ്(NIT Calicut)ഉം സര്‍വേ ഓഫ് ഇന്ത്യയും തമ്മില്‍ ജിയോ-സ്പേഷ്യല്‍(ഭൂമിശാസ്ത്രപരമായ)ശാസ്ത്രങ്ങളില്‍ ഗവേഷണം, പരിശീലനം, പ്രായോഗിക അറിവ് എന്നിവ വര്‍ദ്ധിപ്പിക്കുന്ന ലക്ഷ്യത്തോടെയുള്ള സുപ്രധാന ധാരണാപത്രം(MoU)ഒപ്പുവെച്ചു.

എന്‍ഐടി കാലിക്കറ്റ് ഡയറക്ടര്‍ ഡോ. പ്രസാദ് കൃഷ്ണയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് ഇരു സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍ കരാറില്‍ ഒപ്പുവെച്ചത്. സര്‍വേ ഓഫ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കജ് കുമാര്‍(കേരള-ലക്ഷദ്വീപ് വിങ് ഇന്‍ചാര്‍ജ്) ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. എന്‍ഐടി കാലിക്കറ്റിനു വേണ്ടി ഡോ. മുരളി കെ പി (ചെയര്‍പേഴ്‌സണ്‍, CIIR -) ഒപ്പുവെച്ചു.

ചടങ്ങില്‍ ഡോ. സന്ധ്യാറാണി(ഡീന്‍ ഗവേഷണവും കണ്‍സള്‍ട്ടന്‍സിയും), വിവിധ വിഭാഗം മേധാവികള്‍, എന്‍ഐടിയിലെ മറ്റു പ്രൊഫസര്‍മാര്‍, സര്‍വേ ഓഫ് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ധാരണാപത്രത്തിന്റെ ലക്ഷ്യങ്ങളും പ്രധാന സഹകരണ മേഖലകളും ഡോ. പ്രസാദ് കൃഷ്ണയും പങ്കജ് കുമാറും വിശദീകരിച്ചു. എന്‍ഐടിയിലെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ഗവേഷണ, പരിശീലന, പ്രായോഗിക വൈദഗ്ദ്ധ്യം വിപുലപ്പെടുത്തുക എന്നതാണ് ഈ കരാറിന്റെ കാതല്‍.

ഇരു സ്ഥാപനങ്ങളും സംയുക്തമായി പ്രവര്‍ത്തിക്കുന്ന പ്രധാന മേഖലകള്‍ ഇവയാണ്:

ജിയോഡറ്റിക് കണ്‍ട്രോള്‍(Geodetic Control).

ജിയോഡറ്റിക് സര്‍വേകള്‍.

ജിയോഫിസിക്കല്‍ സര്‍വേകള്‍.

ടോപോഗ്രാഫിക്കല്‍ കണ്‍ട്രോള്‍.

സര്‍വേയിങ്, മാപ്പിങ് പ്രവര്‍ത്തനങ്ങള്‍.

ടോപോഗ്രാഫിക്കല്‍ മാപ്പുകളുടെയും എയര്‍ണോട്ടിക്കല്‍ ചാര്‍ട്ടുകളുടെയും നിര്‍മ്മാണം.

ദേശീയ തലത്തിലുള്ള സര്‍വേ ഓഫ് ഇന്ത്യയുടെ വിശാലമായ അനുഭവസമ്പത്തും, എന്‍ഐടി കാലിക്കറ്റിന്റെ അക്കാദമിക മികവും സംയോജിപ്പിക്കുന്ന ഈ തന്ത്രപരമായ കൂട്ടുകെട്ട്, ജിയോ-സ്പേഷ്യല്‍ സാങ്കേതികവിദ്യയില്‍ നൂതന പഠനത്തിനും ഗവേഷണത്തിനും മികച്ച വേദിയൊരുക്കുമെന്ന് അധികൃതര്‍അറിയിച്ചു.

Tags: