പാചകവാതക ക്ഷാമം; ജയില്‍ വകുപ്പിന്റെ ഫുഡ് കൗണ്ടറുകളില്‍ വിഭവങ്ങള്‍ വെട്ടിക്കുറച്ചു
തിരുവനന്തപുരം: രാജ്യത്തെ പാചകവാതക ക്ഷാമം സംസ്ഥാനത്തെ ജയിലുകളെയും ബാധിച്ചുതുടങ്ങി. പൂജപ്പുര സെന്‍ട്രല്‍ ജയില്‍ അടക്കമുള്ള സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ തടവുകാര്‍ നിര്‍മിച്ച് പുറത്ത് വില്‍ക്കുന്ന ഭക്ഷണ വിഭവങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പാചകവാതക സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ, 'ഫുഡ് ഫോര്‍ ഫ്രീഡം' പദ്ധതിയുടെ ഭാഗമായുള്ള വിഭവങ്ങള്‍ ചപ്പാത്തിയിലേക്കും കറികളിലേക്കും മാത്രമായി അധികൃതര്‍ പരിമിതപ്പെടുത്തി. ഇതോടെ ജയില്‍ വകുപ്പിന്റെ ഫുഡ് കൗണ്ടറുകളില്‍ ലഭിക്കുന്ന ഭക്ഷണത്തില്‍ കുറവ് വന്നുതുടങ്ങും.
ഏജന്‍സികള്‍ പാചകവാത സിലിണ്ടറുകള്‍ കുറച്ചതോടെയാണ് ഭക്ഷണം ഉണ്ടാക്കിനല്‍കുന്നത് കുറയ്ക്കാന്‍ ജയില്‍ അധികൃതര്‍ തീരുമാനിച്ചത്. പുറത്തെ വിപണന കൗണ്ടറുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും ജയിലിനുള്ളിലെ തടവുകാര്‍ക്കുള്ള ഭക്ഷണ വിതരണത്തില്‍ കുറവ് വരുത്തിയിട്ടില്ലെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി. ഇനിയും സിലിണ്ടറുകള്‍ കുറച്ചാല്‍ പൂര്‍ണമായും ഭക്ഷണവിതരണം നിര്‍ത്താനാണ് തീരുമാനം.
ജയില്‍ വകുപ്പിന് ലാഭം നേടിക്കൊടുത്ത സംരംഭമാണ് 'ഫുഡ് ഫോര്‍ ഫ്രീഡം'. തടവുപുള്ളികള്‍ വെച്ചുണ്ടാക്കുന്ന ഭക്ഷണമാണ് ഫുഡ് കൗണ്ടറുകളിലൂടെ ജയില്‍ അധികൃതര്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്. വലിയ വിലക്കുറവാണ് ഈ ഭക്ഷണത്തിന്. അതിനാല്‍ സാധാരണക്കാരായ നിരവധി പേര്‍ ഈ സംവിധാനത്തെ ആശ്രയിച്ചിരുന്നു.
ജയിലില്‍ മാത്രമല്ല, സംസ്ഥാനത്തെ ഹോട്ടലുകള്‍, കാറ്ററിങ് സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍ എല്ലാം പാചകവാതക പ്രതിസന്ധി മൂലം അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. പല ഹോട്ടലുകളും ഇതിനകം അടച്ചുപൂട്ടിക്കഴിഞ്ഞു.