വിവാദങ്ങള്‍ തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍; കൊല്ലത്ത് മുകേഷിന് സീറ്റില്ല
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ എം മുകേഷിന് സീറ്റില്ല. കൊല്ലത്ത് എം മുകേഷ് ഒഴികെയുള്ള മൂന്ന് സിറ്റിങ് എംഎല്‍എമാരെ മല്‍സരിപ്പിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ധാരണയായി. മുകേഷിന് പകരം കൊല്ലത്ത് ജില്ലാ ആക്ടിങ് സെക്രട്ടറി എസ് ജയമോഹനെ മല്‍സരിപ്പിക്കാനാണ് നീക്കം. ഇരവിപുരത്ത് രണ്ട് ടേം പൂര്‍ത്തിയാക്കിയ എം നൗഷാദിനെ മല്‍സരിപ്പിക്കുന്നതില്‍ അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റിയുടെതായിരിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുത്ത കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.
കൊല്ലം മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് തവണയും മുകേഷാണ് എംഎല്‍എ. മുകേഷിനെതിരേ ഉയര്‍ന്ന തുടര്‍ച്ചയായ വിവാദങ്ങളും ലൈംഗികാരോപണങ്ങളും തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണ സീറ്റ് നല്‍കാത്തതെന്നാണ് വിവരം. കൊട്ടാരക്കരയില്‍ നിലവിലെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മല്‍സരിക്കും. ഇരവിപുരത്ത് എം നൗഷാദ്, ചവറയില്‍ ഡോ. സുജിത് വിജയന്‍പിള്ള, കുണ്ടറയില്‍ മുന്‍ ഏരിയ കമ്മിറ്റി സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ എസ് എല്‍ സജികുമാര്‍ എന്നിവരെ മല്‍സരിപ്പിക്കും.
അഞ്ചുതവണ എംഎല്‍എ ആയ കോവൂര്‍ കുഞ്ഞുമോനെ മാറ്റണമോ എന്നുള്ള കാര്യത്തില്‍ സംസ്ഥാന കമ്മിറ്റിയാകും തീരുമാനമെടുക്കുക. കുന്നത്തൂര്‍ സീറ്റ് ഏറ്റെടുക്കണമെന്ന പാര്‍ട്ടി നിര്‍ദേശം യോഗത്തില്‍ ചര്‍ച്ചയായില്ല. സിറ്റിങ് എംഎല്‍എ കോവൂര്‍ കുഞ്ഞുമോനെ ഇപ്പോള്‍ പിണക്കേണ്ടതില്ല എന്നായിരുന്നു യോഗത്തില്‍ എം വിഗോവിന്ദന്റെ നിര്‍ദ്ദേശം. ജില്ലാ സെക്രട്ടേറിയേറ്റിന്റെ നിര്‍ദേശം സംസ്ഥാന കമ്മിറ്റിക്ക് സമര്‍പ്പിക്കും. അഞ്ചാം തീയതി നടക്കുന്ന സംസ്ഥാന കമ്മിറ്റിയുടേതായിരിക്കും അന്തിമ തീരുമാനം.
സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിക്കുമെന്ന് കരുതിയ സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം, ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളായ എക്‌സ്. ഏണസ്റ്റ്, സബിതാ ബീഗം എന്നിവരെ പരിഗണിച്ചില്ല. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മന്ത്രി കെ എന്‍ ബാലഗോപാല്‍ പുത്തലത്ത് ദിനേശന്‍ എന്നിവരുടെ സാന്നിധ്യത്തിസായിരുന്നു സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കാനുള്ള ജില്ലാ സെക്രട്ടറിയേറ്റ് യോഗം.
