കോടതിയലക്ഷ്യത്തിന് ശെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവ്

Update: 2025-07-02 13:43 GMT

ധാക്ക: ഇന്ത്യയില്‍ ഒളിവിലുള്ള ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ശെയ്ഖ് ഹസീനയെ കോടതിയലക്ഷ്യത്തിന് ആറ് മാസം തടവിന് ശിക്ഷിച്ചു. ബംഗ്ലാദേശിലെ അന്താരാഷ്ട്ര ക്രൈംസ് ട്രിബ്യൂണലാണ് ഹസീനയെ ശിക്ഷിച്ചത്. ഹസീനയുടെ അവാമി ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ ഛാത്ര ലീഗിന്റെ നേതാവ് ഷക്കീല്‍ദ അകാന്ത് ബുള്‍ബുളിനെ രണ്ടുമാസം തടവിനും ശിക്ഷിച്ചു.

277 പേരെ കൊല്ലാന്‍ ഷക്കീല്‍ദയ്ക്ക് ഹസീന നിര്‍ദേശം നല്‍കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നതാണ് കേസിന് കാരണം. ഗൂഡാലോചന വെളിപ്പെട്ടതോടെ ഇരുവര്‍ക്കുമെതിരെ 277 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കേസില്‍ നിലപാട് അറിയിക്കാന്‍ മേയ് 15 വരെയാണ് ഇരുവര്‍ക്കും സമയം നല്‍കിയത്. നിലപാട് അറിയിക്കാത്തതിനാല്‍ മേയ് 25ന് ഇരുവരും നേരിട്ട് ഹാജരാവാന്‍ അന്താരാഷ്ട്ര ക്രൈംസ് ട്രിബ്യൂണല്‍ നിര്‍ദേശിച്ചു. ഈ വിധിയും പാലിക്കാത്തതിനാല്‍ രണ്ടു പത്രങ്ങളില്‍ പരസ്യം ചെയ്യുകയും ജൂണ്‍ മൂന്നിന് ഹാജരാവണമെന്ന് അന്ത്യശാസനം ഇറക്കുകയും ചെയ്തു. ഇതും പാലിക്കപ്പെടാത്തതോടെയാണ് കോടതിയലക്ഷ്യ നടപടി ആരംഭിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്യുന്ന സമയത്ത് ശിക്ഷ ആരംഭിക്കുമെന്ന് ട്രിബ്യൂണല്‍ അറിയിച്ചു.

ഹസീനയ്ക്കായി ട്രിബ്യൂണല്‍ വച്ച് നല്‍കിയ അഭിഭാഷകന്‍ അമീനുല്‍ ഗനി ടിപ്പു കേസില്‍ നിന്നും പിന്‍മാറുകയും ചെയ്തിട്ടുണ്ട്. അമിര്‍ എന്ന അഭിഭാഷകനെ പകരമായി നിയമിച്ചു. മുതിര്‍ന്ന അഭിഭാഷകനായ എ വൈ മൊഷിയുസമാന്‍ ആണ് കേസിലെ അമിക്കസ് ക്യൂറി.