കാര്‍ഷിക പ്രോത്സാഹന ഫണ്ട് നല്‍കിയില്ല; ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരേ കോടതിയലക്ഷ്യ നടപടി
എറണാകുളം: ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരേ ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടി. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരം പിരിച്ചെടുത്ത തുക കാര്‍ഷിക പ്രോത്സാഹന ഫണ്ടിലേക്കു മാറ്റിയില്ലെന്ന ഹരജിയിലാണ് കോടതിയുടെ നടപടി. കാര്‍ഷിക പ്രോത്സാഹന ഫണ്ട് നല്‍കാന്‍ കഴിഞ്ഞവര്‍ഷം പുറപ്പെടുവിച്ച വിധി നടപ്പാക്കാത്തതിനാണ് കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്. സംസ്ഥാന ചീഫ് സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് ഹൈക്കോടതിയുടെ നോട്ടീസ്.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെതാണ് നടപടി. 2024 നവംബര്‍ 28ലാണ് കാര്‍ഷിക പ്രോത്സാഹന ഫണ്ട് നല്‍കാന്‍ ഹൈക്കോടതി വിധി പുറുപ്പെടുവിച്ചത്. എന്നാല്‍ ഇത് നടപ്പാക്കിയില്ലായിരുന്നു. മറുപടി ഉടന്‍ സത്യവാങ്മൂലം നല്‍കാനാണ് ഹൈക്കോടതി നിര്‍ദേശം. പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യക്കുറ്റം നിലനില്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. തുക നെല്‍വയല്‍ സംരക്ഷണത്തിനും കാര്‍ഷിക ആവശ്യങ്ങള്‍ക്കും വേണ്ടി വിനിയോഗിക്കാനായിരുന്നു ഹൈക്കോടതിയുടെ പ്രധാനപ്പെട്ട നിര്‍ദേശം. വിധി പ്രകാരം നാലു മാസത്തിനുള്ളില്‍ 25 ശതമാനം ഫണ്ടിലേക്ക് മാറ്റണമെന്നും ബാക്കി 75 ശതമാനം 12 മാസത്തിനുള്ളില്‍ ഘട്ടം ഘട്ടമായി മാറ്റണമെന്നുമായിരുന്നു ഹൈക്കോടതി വിധി. ഫണ്ടിന്റെ വാര്‍ഷിക ഓഡിറ്റ് നടത്തി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സമയപരിധി കഴിഞ്ഞിട്ടും ഉത്തരവ് നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് കോടതിയലക്ഷ്യ നടപടിയെടുത്തത്.