തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫലം ഓരോ കക്ഷിയും സ്വയം വിലയിരുത്തിയ ശേഷം കൂട്ടായ ചര്‍ച്ചയാവാമെന്ന് എല്‍ഡിഎഫ് തീരുമാനിച്ചു. ഇന്നലെ യോഗം തുടങ്ങുന്ന ഘട്ടത്തില്‍ത്തന്നെ മുന്നണി കണ്‍വീനര്‍ ടി പി രാമകൃഷ്ണനാണ് നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇക്കാര്യം കക്ഷികള്‍ അംഗീകരിച്ചു. അതിനാല്‍ തിരഞ്ഞെടുപ്പുഫലം സംബന്ധിച്ച ചര്‍ച്ചകളിലേക്ക് യോഗം കടന്നില്ല. ജനുവരി ആദ്യ വാരത്തിനകം കക്ഷികള്‍ ഇക്കാര്യം പരിശോധിക്കണം. അതിലെ പരാജയത്തിന് കാരണമായ ഘടകങ്ങള്‍ മുന്നണി പരിശോധിക്കും. അതിനുശേഷമായിരിക്കും തിരുത്തല്‍ നടപടിയില്‍ തീര്‍പ്പുണ്ടാക്കുക. തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് മുഖ്യമന്ത്രി യോഗത്തില്‍ ഒന്നും സംസാരിച്ചില്ല. തിരഞ്ഞെടുപ്പുഫലം വിലയിരുത്താന്‍ സിപിഎം ഡിസംബര്‍ അവസാനം സംസ്ഥാനസമിതി നിശ്ചയിച്ചിട്ടുണ്ടെന്ന കാര്യം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.
ഓരോ തിരഞ്ഞെടുപ്പും മുന്നണിതലത്തില്‍ പരിശോധിക്കുമെന്ന് പറയാറുണ്ടെങ്കിലും എല്‍ഡിഎഫില്‍ അതില്ലാതായിട്ട് കുറച്ചുനാളായി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിലും മുന്നണിതലത്തില്‍ കാര്യമായ ചര്‍ച്ചയുണ്ടായിട്ടില്ല. തിരുത്തല്‍ നടപടികളെക്കുറിച്ച് ആലോചിക്കാനും നിയമസഭ വിജയിക്കാനും കൂട്ടായശ്രമം വേണമെന്ന പൊതുഅഭിപ്രായം പരിഗണിച്ചാണ് ഇത്തവണ തിരഞ്ഞെടുപ്പുഫലം വിലയിരുത്താന്‍ മുന്നണി പ്രത്യേക യോഗം നിശ്ചയിച്ചത്.
ഭരണവിരുദ്ധവികാരം തിരഞ്ഞെടുപ്പിനെ ബാധിച്ചെന്നാണ് മുന്നണിയിലെ പ്രമുഖരായ സിപിഐ പ്രാഥമികമായി വിലയിരുത്തിയത്. ശബരിമല സ്വര്‍ണക്കൊള്ള അടക്കമുള്ള വിഷയങ്ങള്‍ തിരിച്ചടിയായെന്ന അഭിപ്രായമാണ് മിക്ക ഘടകകക്ഷികള്‍ക്കുമുള്ളത്. ഭരണവിരുദ്ധവികാരമുണ്ടായിട്ടില്ലെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.
