മണ്ഡല പുനര്‍നിര്‍ണയ ബില്ല്: 'കേന്ദ്ര സര്‍ക്കാര്‍ ഈ ജനാധിപത്യവിരുദ്ധ നീക്കത്തില്‍ നിന്ന് പിന്മാറണം'; മുഖ്യമന്ത്രി പിണറായി വിജയന്‍

Update: 2026-04-16 03:34 GMT

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ മണ്ഡല പുനര്‍നിര്‍ണയ നീക്കത്തില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മണ്ഡല പുനര്‍നിര്‍ണയം എന്ന പേരില്‍ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന ഗുരുതരമായ സംശയമാണ് ഉയര്‍ന്നിട്ടുള്ളതെന്ന് പിണറായി വിജയന്‍ പറഞ്ഞു. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെടുന്ന ബില്ലും 2011ലെ സെന്‍സസ് അടിസ്ഥാനമാക്കി മുന്നോട്ടുവെക്കുന്ന അതിലെ നിര്‍ദ്ദേശങ്ങളും സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും തുല്യനീതിയേയും സാരമായി ബാധിക്കുന്നതാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ്

മണ്ഡല പുനര്‍നിര്‍ണയം എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ ധൃതിയില്‍ നടത്താന്‍ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്‌കാരം എന്ന നിലയില്‍ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയര്‍ന്നിട്ടുള്ളത്. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെടുന്ന ബില്ലും 2011 ലെ സെന്‍സസ് അടിസ്ഥാനമാക്കി മുന്നോട്ടുവെക്കുന്ന അതിലെ നിര്‍ദ്ദേശങ്ങളും സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും തുല്യനീതിയേയും സാരമായി ബാധിക്കുന്നതാണ്. സംസ്ഥാനങ്ങളുമായി സമവായത്തില്‍ എത്താതെയാണ് ഇത്തരം നിര്‍ണായക വിഷയത്തില്‍ കേന്ദ്രം മുന്നോട്ട് പോകുന്നത് എന്നതുതന്നെ ആശങ്കാജനകമാണ്.

ജനസംഖ്യയുടെ പേരില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ ആധിപത്യം ലോക്‌സഭ സീറ്റുകളാക്കി മാറ്റി അധികാരം ദീര്‍ഘകാലത്തേക്ക് ഉറപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന സംശയം വ്യാപകമാണ്. ഇതിന്റെ നേരിട്ടുള്ള ആഘാതം കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്കാണ്. ജനസംഖ്യ നിയന്ത്രണത്തിലും വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീശാക്തീകരണം തുടങ്ങിയ മേഖലകളിലും മുന്നേറി ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിച്ച സംസ്ഥാനങ്ങള്‍ ശിക്ഷിക്കപ്പെടുന്ന അവസ്ഥയാണ്. കുറഞ്ഞ പ്രാതിനിധ്യവും കുറഞ്ഞ വിഹിതവും എന്നത് ഒരു ന്യായമായ ഫെഡറല്‍ ക്രമമല്ല. ''ജനസംഖ്യ നിയന്ത്രിച്ചാല്‍ നഷ്ടം, നിയന്ത്രിക്കാതെയിരുന്നാല്‍ നേട്ടം'' എന്ന സന്ദേശം രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ ദിശയായി മാറുന്നത് അപകടകരമാണ്.

സ്വാതന്ത്ര്യാനന്തരം കേന്ദ്ര സര്‍ക്കാരുകള്‍ തന്നെ പ്രോത്സാഹിപ്പിച്ച കുടുംബാസൂത്രണ നയങ്ങള്‍ അനുസരിച്ച് ജനസംഖ്യ നിയന്ത്രിച്ച സംസ്ഥാനങ്ങള്‍ക്ക് പാര്‍ലമെന്റില്‍ ആനുപാതിക പ്രാതിനിധ്യം കുറയുകയും അതേ സമയം നിയന്ത്രണത്തില്‍ വീഴ്ച വരുത്തിയ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുകയും ചെയ്യുന്നത് ഇരട്ടനീതിയാണ്.

സ്ത്രീ സംവരണം പോലുള്ള സാമൂഹിക നീതിയുടെ വിഷയങ്ങളെ ഇതിന് മറയായി ഉപയോഗിക്കുന്നത് സ്വാര്‍ത്ഥ രാഷ്ട്രീയ ലാഭത്തിനായാണ്. സ്ത്രീകള്‍ക്ക് രാഷ്ട്രീയ പ്രതിനിധാനം ഉറപ്പാക്കേണ്ടത് അനിവാര്യമായ കാര്യമാണ്. എന്നാല്‍ അതിന്റെ മറയില്‍ സംസ്ഥാനങ്ങളുടെ തുല്യതയും നീതിയും നിഷേധിക്കുന്നത് ജനാധിപത്യ ധ്വംസനത്തില്‍ കുറഞ്ഞു മറ്റൊന്നുമല്ല.

ജനാധിപത്യം സംഖ്യകളുടെ ഭൂരിപക്ഷം എന്ന സാങ്കേതികത്വം മാത്രമല്ല. അത് നീതിയുടെയും സമതുലിത പ്രതിനിധാനത്തിന്റെയും അടിസ്ഥാനത്തിലാണ് നിലനില്‍ക്കേണ്ടത്. ഫെഡറല്‍ ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യ ബഹുമാനവും യുക്തിസഹമായ പ്രാതിനിധ്യവും ഉറപ്പാക്കപ്പെടണം. ഇല്ലെങ്കില്‍, മണ്ഡലപുനര്‍നിര്‍ണയ ബില്‍ രാഷ്ട്രീയ ആധിപത്യം നിയമവിധേയമാക്കാനുള്ള കുറുക്ക് വഴിയായിട്ടായിരിക്കും വിലയിരുത്തപ്പെടുക. കേന്ദ്ര സര്‍ക്കാര്‍ ഈ ജനാധിപത്യവിരുദ്ധ നീക്കത്തില്‍ നിന്ന് പിന്മാറണം.

Tags: