മണ്ഡല പുനര്‍നിര്‍ണയം; കേന്ദ്ര നീക്കത്തിനെതിരേ സ്റ്റാലിന്റെ കടുത്ത മുന്നറിയിപ്പ്

Update: 2026-04-14 16:52 GMT

ചെന്നൈ: രാജ്യത്തെ മണ്ഡല പുനര്‍നിര്‍ണ്ണയ നീക്കത്തിലൂടെ തമിഴ്നാടിന്റെ രാഷ്ട്രീയ പ്രാതിനിധ്യം തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരേ കടുത്ത പ്രതിഷേധവുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ശിക്ഷിക്കുന്ന തരത്തിലുള്ള മണ്ഡല പുനര്‍നിര്‍ണയ നടപടികളില്‍ തമിഴ്നാട് മൗനം പാലിക്കില്ലെന്നും വലിയ രീതിയിലുള്ള പ്രക്ഷോഭത്തിന് സംസ്ഥാനം സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ജനസംഖ്യാ നിയന്ത്രണത്തില്‍ മികച്ച മാതൃക കാണിച്ച തമിഴ്നാടിനെപ്പോലുള്ള സംസ്ഥാനങ്ങള്‍ക്ക് പാര്‍ലമെന്റിലെ സീറ്റുകള്‍ കുറയുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ ഈ നീക്കം ഫെഡറല്‍ സംവിധാനത്തിന് നേരെയുള്ള കടന്നാക്രമണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനസംഖ്യാ വര്‍ധനവ് അടിസ്ഥാനമാക്കി സീറ്റുകള്‍ പുനര്‍നിര്‍ണയിക്കുമ്പോള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ രാഷ്ട്രീയ പ്രാധാന്യം ലഭിക്കുകയും വികസന പാതയില്‍ മുന്നേറുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും ചെയ്യും. ഇത് തമിഴ്നാടിന്റെ ശബ്ദം പാര്‍ലമെന്റില്‍ ദുര്‍ബലമാക്കാന്‍ കാരണമാകും. ഇത്തരം നീക്കങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരേ മനസ്സുള്ള മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ഈ അനീതിക്കെതിരേ ഒന്നിക്കണമെന്നും സ്റ്റാലിന്‍ ആഹ്വാനം ചെയ്തു.

സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്നും മണ്ഡല പുനര്‍നിര്‍ണയത്തിന്റെ പേരില്‍ തമിഴ്നാടിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ ഏകാധിപത്യപരമായ ഇത്തരം തീരുമാനങ്ങള്‍ക്കെതിരേ തമിഴ് ജനതയെ അണിനിരത്തി വന്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനാണ് ഡിഎംകെയുടെ തീരുമാനം. വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Tags: