ജനസംഖ്യ വര്‍ധിപ്പിക്കാന്‍ പദ്ധതിയുമായി ആന്ധ്ര സര്‍ക്കാര്‍; രണ്ടിലേറെ കുട്ടികള്‍ക്ക് ജന്മം നല്‍കിയാല്‍ 25,000 രൂപ സഹായം
രണ്ടാമത്തെ കുഞ്ഞ് മുതല്‍ ഓരോ പ്രസവത്തിനും 25,000 രൂപ സാമ്പത്തിക സഹായം നല്‍കും
ഹൈദരാബാദ്: ജനസംഖ്യ വര്‍ധിപ്പിക്കാന്‍ പദ്ധതിയുമായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍. രണ്ടിലേറെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന ദമ്പതികള്‍ക്ക് 25,000 രൂപ സമ്മാനമായി നല്‍കുമെന്ന് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. 'പോഷന്‍ ശിക്ഷ സുരക്ഷാ പാക്കേജ്. പ്രകാരം രണ്ടാമത്തെ കുഞ്ഞ് മുതല്‍ ഓരോ പ്രസവത്തിനും 25,000 രൂപ സാമ്പത്തിക സഹായം നല്‍കാന്‍ നിര്‍ദേശം. സമ്പദ്വ്യവസ്ഥ ഉയരുന്നതിന് അനുസരിച്ച് ജനനനിരക്ക് കുറയുന്നു. ഇത് തൊഴിലാളി ക്ഷാമത്തിനും ദീര്‍ഘകാല സാമ്പത്തിക വെല്ലുവിളികള്‍ക്കും കാരണമാകും. ഇക്കാര്യം പരിഹരിക്കാനായാണ് സര്‍ക്കാര്‍ പ്രസവത്തിന് സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നത്.
ഈ പദ്ധതി പ്രകാരം രണ്ടോ കുട്ടിയോ അതില്‍ കൂടുതലോ കുട്ടികളുള്ള ദമ്പതികള്‍ക്ക് 25,000 രൂപ നല്‍കുമെന്ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ജനസംഖ്യാ മാനേജ്‌മെന്റ് നയത്തിന്റെ കരടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നാമത്തെ കുട്ടിക്ക്, അഞ്ച് വയസു വരെ പ്രതിമാസം 1,000 രൂപയും അധിക പോഷകാഹാര പ്രോല്‍സഹനവും, പൊതു/റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 18 വയസു വരെ സൗജന്യ വിദ്യാഭ്യാസവും വെല്‍നസ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യും.
ജനങ്ങളാണ് ഞങ്ങളുടെ ശക്തി. ജനസംഖ്യയാണ് ഏറ്റവും ശക്തമായ സാമ്പത്തിക സ്രോതസ്. കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങളെ ലോകം കൂടുതലായി ആശ്രയിക്കും. ഭാവിയിലെ മാനവ വിഭവശേഷി പ്രതിസന്ധി ഒഴിവാക്കാന്‍ സംസ്ഥാനത്തെ ജനനനിരക്ക് ഉയരേണ്ടതുണ്ട്. ദക്ഷിണേന്ത്യയിലെ ജനസംഖ്യ കുറയുന്നതില്‍ ആശങ്കയുണ്ട്. ഭാവിയില്‍ പാര്‍ലമെന്റ് സീറ്റുകള്‍ വര്‍ധിക്കുമ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രാതിനിധ്യം കുറയുമെന്നും ചന്ദ്രബാബു നായിഡു വിശദീകരിച്ചു. സംസ്ഥാനത്ത് നിലവില്‍ 58 ശതമാനം കുടുംബങ്ങളിലും ഒരു കുട്ടി മാത്രമാണുള്ളത്. ഏകദേശം 2.17 ലക്ഷം കുടുംബങ്ങളില്‍ രണ്ട് കുട്ടികളുണ്ട്. 62 ലക്ഷം കുടുംബങ്ങളില്‍ മൂന്നോ അധിലധികമോ കുട്ടികളുണ്ടെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
ആന്ധ്രാപ്രദേശിന്റെ ടിഎഫ്ആര്‍ 1992-93ല്‍ 3.0ല്‍ നിന്ന് ഇപ്പോള്‍ 1.5 ആയി കുറഞ്ഞു. 2047 ആകുമ്പോഴേക്കും 60 വയസിനു മുകളിലുള്ളവരുടെ എണ്ണം മൊത്തം ജനസംഖ്യയുടെ നിലവിലെ 10 ശതമാനത്തില്‍ നിന്ന് 23 ശതമാനമായി ഉയരുമെന്ന് സര്‍ക്കാര്‍ കണക്കാക്കുന്നു. വ്യാഴാഴ്ച സംസ്ഥാന നിയമസഭയില്‍ ജനസംഖ്യാ മാനേജ്‌മെന്റിന്റെ കരട് നയം അവതരിപ്പിച്ചു. ജനസംഖ്യാ ഇടിവ് ജപ്പാന്‍, ദക്ഷിണ കൊറിയ, ഇറ്റലി എന്നിവിടങ്ങളിലെ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും യുവാക്കളുടെ ലഭ്യതക്കും വളര്‍ച്ചക്കും ഭീഷണിയാകുമെന്നും മുന്നറിയിപ്പ് നല്‍കി.
2023ലെ കണക്കുകള്‍ പ്രകാരം, സംസ്ഥാനത്തെ പ്രതിവര്‍ഷം 6.70 ലക്ഷം ജനനങ്ങള്‍ നടക്കുന്നുണ്ട്. കൂടാതെ 2047 ആകുമ്പോഴേക്കും പ്രായമായവരുടെ അനുപാതം 23 ശതമാനത്തിലെത്തും. സ്ത്രീ തൊഴില്‍ ശക്തി പങ്കാളിത്തം 31 ശതമാനമാണ്. മാതൃത്വ, ശക്തി, നൈപുണ്യം, ക്ഷേമ, സഞ്ജീവനി എന്നീ അഞ്ച് ഘടകങ്ങളാണ് ഈ നയം അവതരിപ്പിക്കുന്നത്. മാതൃത്വ സെന്റര്‍ ഓഫ് എക്‌സലന്‍സ് പിപിപി വഴി ഐവിഎഫ് നല്‍കും, സി-സെക്ഷന്‍ നിരുല്‍സാഹപ്പെടുത്തും. ഓരോ 50 കുട്ടികള്‍ക്കും ചൈല്‍ഡ് കെയര്‍, പിങ്ക് ടോയ്ലറ്റുകള്‍, സുരക്ഷയ്ക്കായി ഷീ-ക്യാംപുകള്‍, വിശാഖപട്ടണത്തെ ജോലി ചെയ്യുന്ന സ്ത്രീകളുടെ ഹോസ്റ്റലുകള്‍ക്ക് 172 കോടി രൂപ എന്നിവയും നല്‍കും. സ്ത്രീകള്‍ക്ക് 12 മാസത്തെ മറ്റേണിറ്റി അവധിയും പുരുഷന്മാര്‍ക്ക് രണ്ടു മാസത്തെ പിതൃത്വ അവധിയും നല്‍കും.
മുന്‍പ് ജനസംഖ്യാ വര്‍ധനവ് ഒരു പ്രശ്നമായിരുന്നു. 2004ല്‍ സര്‍ക്കാര്‍ കുടുംബാസൂത്രണത്തിന് നിര്‍ബന്ധിച്ചിരുന്നു. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് വിലക്കുകയും ചെയ്തിരുന്നു. ഇന്ന് കൂടുതല്‍ കുട്ടികളുള്ളവരെ മല്‍സരിക്കാന്‍ അനുവദിക്കുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്യേണ്ടതുണ്ടെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കാനായി കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അമരാവതിയില്‍ നടന്ന ലോക ജനസംഖ്യാദിനത്തിലെ ഉച്ചകോടിയില്‍ ചന്ദ്രബാബു നായിഡു ദമ്പതികളോട് ആഹ്വാനം ചെയ്തിരുന്നു. സമ്മേളനത്തില്‍ വച്ച് സര്‍ക്കാര്‍ ഉടനെ ജനസംഖ്യാ വളര്‍ച്ചാനയം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

