തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതിയുടെ പുതുക്കിയ മാര്‍ഗരേഖയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. അപേക്ഷകരുടെ കുടുബ വാര്‍ഷിക വരുമാനം അഞ്ചുലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. അപേക്ഷകര്‍ കേളത്തിലെ സ്ഥിരതാമസക്കാരും അപേക്ഷിക്കുന്ന തിയ്യതിയില്‍ 18 വയസ്സ് പൂര്‍ത്തിയായവരും 30 വയസ്സ് കവിയാത്തവരും ആയിരിക്കണം. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍/ കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ അനുബന്ധ സ്ഥാപനങ്ങള്‍/രാജ്യത്തെ അംഗീകൃത സര്‍വ്വകലാശാലകള്‍/ ഡീംഡ് സര്‍വ്വകലാശാലകള്‍, നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന ആംഗീകൃത സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നൈപുണ്യ പരിശീലനം നടത്തുന്നവരോ, യുപിഎസ്‌സി, സംസ്ഥാന പിഎസ്‌സി, സര്‍വ്വീസ് സെലക്ഷന്‍ ബോര്‍ഡ്, കര, നാവിക, വ്യോമ സേന, ബാങ്ക്, റെയില്‍വെ, മറ്റു കേന്ദ്ര സംസ്ഥാന പൊതുമേഖലാ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ എന്നിവ നടത്തുന്ന മല്‍സര പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിച്ച് തയ്യാറെടുക്കുന്നവരോ ആയിരിക്കണം അപേക്ഷകര്‍. അര്‍ഹരായ ആദ്യത്തെ അഞ്ചുലക്ഷം പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കും. സര്‍ക്കാര്‍ എംപ്ലോയ്‌മെന്റ് വകുപ്പു മുഖേന ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയിലേക്ക് eemployment.kerala.gov.in എന്ന വെബ്‌പോര്‍ട്ടല്‍ വഴി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ മുഖേന നേരിട്ട് അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് സ്‌കോളര്‍ഷിപ്പ് തുക വിതരണം ചെയ്യും. പ്രതിമാസം ആയിരം രൂപ വീതം 12 മാസത്തേക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക.
കോടിയേരി ബാലകൃഷ്ണന്‍ സ്മാരക പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനാവശ്യമായ ഭൂമി പാട്ടത്തിന് നല്‍കുമെന്നും മന്ത്രിസഭ യോഗത്തിന് തീരുമാനമായി. പ്രതിവര്‍ഷം ആര്‍ ഒന്നിന് നൂറു രൂപ നിരക്കിലാണ് കോടിയേരി ബാലകൃഷ്ണന്‍ മെമ്മോറിയല്‍ അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സസ് (കെബിഎംഎഎസ്എസ്) 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കുക.
കെ എം മാണി മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സോഷ്യല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സ്ഥാപിക്കുന്നതിനായി ആര്‍ ഒന്നിന് 100 രൂപ നിരക്കില്‍ 30 വര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കും.
2020-21 വര്‍ഷത്തില്‍ സര്‍ക്കാര്‍ ആര്‍ട്‌സ് & സയന്‍സ് കോളജുകളില്‍ പുതിയതായി അനുവദിച്ച കോഴ്‌സുകളിലേക്ക് 48 തസ്തികകള്‍ സൃഷ്ടിക്കും. 16 മണിക്കൂര്‍ വര്‍ക്ക് ലോഡുള്ള വിഷയങ്ങളാണ് തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കാന്‍ തീരുമാനമായത്.
വാഹനാപകടത്തെത്തുടര്‍ന്ന് തലയ്ക്ക് അതീവ ഗുരുതരമായ ക്ഷതമേറ്റ് 90% അംഗവൈകല്യം സംഭവിച്ച, കണ്ണൂര്‍, എളയാവൂര്‍ സിഎച്ച്എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എച്ച്എസ്ടി (മലയാളം) അധ്യാപകന്‍ പ്രശാന്ത് കുളങ്ങരയെ സര്‍വീസില്‍ നിലനിര്‍ത്തി ആനുകൂല്യങ്ങള്‍ നല്‍കും. ഇതിനായി സ്‌കൂളില്‍ ഒരു എച്ച്എസ്ടി (മലയാളം) സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിക്കുന്നതിന് മന്ത്രിസഭ അനുമതി നല്‍കി.
മൂലത്തറ വലതുകര കനാല്‍, വരട്ടയാര്‍ മുതല്‍ വേലന്താവളം വരെ ദീര്‍ഘിപ്പിക്കുന്നതിന് ആവശ്യമായ ഭൂമി ലാന്റ് അക്വിസിഷന്‍ പ്രകാരം ഏറ്റെടുക്കുന്നതിന് പുതുക്കിയ ഭരണാനുമതി നല്‍കി. 2087.97 സെന്റ് ഭൂമി ഏറ്റെടുക്കുന്നതിന് 35,43,21,934 രൂപയുടെ തത്വത്തിലുള്ള പുതുക്കിയ ഭരണാനുമതിയാണ് നല്‍കിയത്.
2018 പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മ്മാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ സംഭാവനയില്‍ നിന്ന് കോഴിക്കോട് ജില്ലയിലെ അഞ്ചു ഗുണഭോക്താക്കള്‍ക്ക് തുക അനുവദിക്കും. 18,40,000 രൂപ അനുവദിക്കുന്നതിന് ജില്ലാ കളക്ടര്‍ക്ക് മന്ത്രിസഭ അനുമതി നല്‍കി.
കായിക താരങ്ങൾ ജോലിയിൽ പ്രവേശിക്കാത്തതിനെ തുടർന്നുണ്ടായ 26 എൻജെഡി ഒഴിവുകളിൽ, കായികരംഗത്ത് നിന്നും വിരമിച്ച 20 പേരെ റെഗുലർ ഒഴിവുകളിലും (നിലവിലുള്ളതോ ആദ്യം ഉണ്ടാകുന്നതോ ആയ) കായികരംഗത്ത് തുടരുന്ന 6 പേരെ റവന്യൂ വകുപ്പിൽ അതത് താലൂക്ക് ഓഫീസുകളിൽ സൂപ്പർന്യൂമററി തസ്തികകളിലും നിയമിക്കുന്നതിന് അനുമതി നൽകി.

