ബ്രൂവറിക്ക് അനുമതി നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം: പാലക്കാട് ഏലപ്പുള്ളിയില്‍ സര്‍ക്കാര്‍ അനുവദിച്ച ബ്രൂവറിക്ക് അനുമതി നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. കേരളത്തെ മുഴുവന്‍ മദ്യലോബിക്ക് തീറെഴുതാനുള്ള നീക്കത്തിന്റെ ഭാഗമായി ബ്രൂവറികള്‍ക്കും ഡിസ്റ്റലറികള്‍ക്കും അനുമതി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ താന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ നടത്തിയ പോരാട്ടത്തിന് ഫലം കണ്ടുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
28-6-2018 ലാണ് പാലക്കാട് ഏലപ്പുള്ളിയില്‍ പ്രതിവര്‍ഷം അഞ്ച് ലക്ഷം ഹെക്ടര്‍ ലിറ്റര്‍ ബിയര്‍ ഉത്പ്പാദിക്കാനുള്ള അനുമതി അപ്പോളോ ഡിസ്റ്റലറീസ് എന്ന സ്വകാര്യ കമ്പനിക്ക് നല്‍കിയത്. സംസ്ഥാനത്ത് പുതിയ ബ്രൂവറികളും ഡിസ്റ്റലറികളും വേണ്ടെന്ന 1999ല്‍ അന്നത്തെ നയനാര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിര്‍ദേശത്തെ മറികടന്നുകൊണ്ടാണ് മദ്യലോബിയുമായി കൈകോര്‍ത്തുകൊണ്ട് പിണറായി സര്‍ക്കാര്‍ സംസ്ഥാനത്ത് മൂന്നിടങ്ങളില്‍ ബ്രൂവറികളും ഡിസ്റ്റലറികളും സ്ഥാപിക്കാന്‍ അതീവ രഹസ്യമായി ഉത്തരവിറക്കിയത്.
ബ്രൂവറിക്ക് കെട്ടിട നിര്‍മാണത്തിനു കോരയാര്‍ പുഴയില്‍ നിന്നു വെള്ളം നല്‍കാന്‍ സിപിഎം ഭരിക്കുന്ന പുതുശ്ശേരി പഞ്ചായത്ത് അനുമതി നല്‍കിയതും വിവാദമായി. ഇതേത്തുടര്‍ന്ന് ബ്രൂവറി സമരം പുതുശ്ശേരിയിലേക്കും നീളുകയായിരുന്നു. കടുത്ത പ്രതിഷേധം സംസ്ഥാനത്ത് ഉയര്‍ന്നതോടെ സര്‍ക്കാരിന് തങ്ങളുടെ തീരുമാനത്തില്‍ നിന്നും പിന്മാറേണ്ടി വന്നു.