പുതിയ തൊഴിലുറപ്പ് പദ്ധതിക്കെതിരേ ജനുവരി അഞ്ചു മുതല്‍ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം
ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. വിബി-ജി റാം ജി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജനുവരി അഞ്ചു മുതല്‍ തൊഴിലുറപ്പ് രക്ഷാ പ്രചാരണം നടത്തുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചു. മഹാത്മാ ഗാന്ധിയുടെ പേരും പഴയ നിയമവും പുനസ്ഥാപിക്കണമെന്നാണ് ആവശ്യം. ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലുറപ്പ് പദ്ധതി വെറുമൊരു പദ്ധതിയല്ലെന്നും അതു ഭരണഘടന നല്‍കുന്ന ജോലി ചെയ്യാനുള്ള അവകാശമാണെന്നും ഖര്‍ഗെ പറഞ്ഞു. പാവപ്പെട്ടവരെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ഈ അവകാശം കവര്‍ന്നെടുത്തതെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാനങ്ങളുമായി യാതൊരു ആലോചനയും നടത്താതെ എടുത്ത ഏകപക്ഷീയമായ തീരുമാനമാണിത്. ഇതിലൂടെ സംസ്ഥാനങ്ങള്‍ക്ക് വലിയ സാമ്പത്തിക ഭാരമുണ്ടാകും. സര്‍ക്കാരിന്റെ ഈ നടപടിക്കെതിരേ ജനങ്ങള്‍ക്കിടയില്‍ വലിയ രോഷമുണ്ടെന്നും ഖര്‍ഗെ വ്യക്തമാക്കി. സ്ത്രീ ശാക്തീകരണവും നൂറ് തൊഴില്‍ ദിനങ്ങളും നേരത്തെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉറപ്പ് വരുത്തിയിരുന്നു. പുതിയ നിയമം ഇതിനെയെല്ലാം അട്ടിമറിക്കുകയാണ്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ നടന്ന പോരാട്ടം ആവര്‍ത്തിക്കും. പാര്‍ലമെന്റിനു പുറത്ത് പ്രതിഷേധം ശക്തമാക്കും. ഗാന്ധിയെന്ന പേര് സര്‍ക്കാരിനെ വിറളിപിടിപ്പിക്കുകയാണ്. ഗാന്ധി കുടുംബത്തെ അവര്‍ വെറുക്കുന്നു. അതുപോലെ ഗാന്ധിജിയെയും എന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
ഫെഡറല്‍ സംവിധാനത്തിനു നേരെയുള്ള ആക്രമണം ഭരണഘടന തത്വങ്ങള്‍ക്കു നേരെയുള്ള ആക്രമണമാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റം പ്രധാനമന്തി നരേന്ദ്ര മോദിയുടെ ഓഫീസ് നേരിട്ട് തീരുമാനിച്ചതാണ്. വകുപ്പ് മന്ത്രി അറിഞ്ഞിട്ടില്ല, മന്ത്രിമാര്‍ക്കൊന്നും അറിയില്ല. വണ്‍മാന്‍ഷോ മാത്രമാണ്. നോട്ട് നിരോധനം പോലെയൊരു തീരുമാനം. ഇതിന്റെ നേട്ടം എല്ലാ അര്‍ത്ഥത്തിലും അദാനിക്കു മാത്രമാണ്. സംസ്ഥാനങ്ങളോട് പണം കണ്ടെത്താന്‍ പറഞ്ഞിട്ട് കേന്ദ്ര വിഹിതമായ പണം അദാനിക്ക് പല വിധത്തില്‍ എത്തിച്ചു നല്‍കാനാണ് പ്രധാനമന്ത്രിയുടെ തീരുമാനമെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. തൊഴിലുറപ്പ് പദ്ധതി വെറുമൊരു തൊഴില്‍ പദ്ധതിയല്ല, മറിച്ച് ലോകമെമ്പാടും അംഗീകരിക്കപ്പെട്ട ഒരു വികസന മാതൃകയായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും ജനുവരി അഞ്ചു മുതല്‍ ഗ്രാമതലങ്ങളില്‍ ഉള്‍പ്പെടെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

