വനിതാവാര്‍ഡില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തി കോണ്‍ഗ്രസ്; സാധ്യമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍, താന്‍ സ്ത്രീയാണെന്ന് സ്ഥാനാര്‍ഥി
തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് പോത്തന്‍കോട് ഡിവിഷനില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ഥി അമേയ പ്രസാദ് മത്സരിക്കുന്നതില്‍ ആശയക്കുഴപ്പം രൂക്ഷമാവുന്നു. വനിതകള്‍ക്ക് സംവരണം ചെയ്ത സീറ്റില്‍ ട്രാന്‍സ് ജെന്‍ഡറിന് മല്‍സരിക്കാനാവില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. എന്നാല്‍, താന്‍ സ്ത്രീയാണെന്നാണ് അമേയ ഇപ്പോള്‍ പറയുന്നത്. താന്‍ സ്ത്രീയാണെന്നും രേഖകളില്‍ എല്ലാം സ്ത്രീ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും അമേയ അവകാശപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ എന്നെഴുതിയതാണ് തര്‍ക്കത്തിന് കാരണം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് മൂലം മല്‍സരിക്കാന്‍ കഴിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അമേയ പറയുന്നു. ഹൈക്കോടതി അമേയക്കെതിരെ നിലപാട് എടുക്കുകയാണെങ്കില്‍ ആ പ്രശ്‌നത്തെ നേരിടാന്‍ ഒരു ഡമ്മി സ്ഥാനാര്‍ഥിയെ കൂടി കോണ്‍ഗ്രസ് നിര്‍ത്തിയേക്കും.