മറ്റത്തൂര്‍ പഞ്ചായത്തില്‍ കൂറുമാറിയ പഞ്ചായത്തംഗങ്ങളെ അയോഗ്യരാക്കാന്‍ കോണ്‍ഗ്രസ്
നടപടി നേരിട്ട മെമ്പര്‍മാര്‍ വിശദീകരണവുമായി രംഗത്ത്
തൃശൂര്‍: മറ്റത്തൂര്‍ പഞ്ചായത്തില്‍ കൂറുമാറിയ പഞ്ചായത്തംഗങ്ങളെ അയോഗ്യരാക്കാന്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് വിട്ട് ബിജെപിയുമായി സഖ്യത്തിലേര്‍പ്പെട്ട വാര്‍ഡ് മെമ്പര്‍മാര്‍ക്കെതിരേ കര്‍ശന നടപടിയുമായി ഡിസിസി മുന്നോട്ടുപോവുകയാണ്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനു പിന്നാലെ വിമതരുള്‍പ്പെടെ പത്തു പേരെ അയോഗ്യരാക്കാനുള്ള നടപടി തുടങ്ങി. അതേസമയം, കോണ്‍ഗ്രസ് തങ്ങളെ കേള്‍ക്കണമെന്നും ഇപ്പോഴും കോണ്‍ഗ്രസിന് ഒപ്പമെന്നും ബിജെപിയുമായി സഖ്യത്തിലേര്‍പ്പെട്ട മറ്റത്തൂരിലെ കോണ്‍ഗ്രസ് വാര്‍ഡ് മെമ്പര്‍മാരും നേതാക്കളും. കൂറുമാറ്റം കുപ്രചരണമാണന്നും ഡിസിസി വിപ്പ് പോലും നല്‍കിയില്ലെന്നും നടപടി നേരിട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. പാര്‍ട്ടി കൃത്യമായ ഇടപെടല്‍ നടത്തിയാല്‍ തിരുത്തും. പാര്‍ട്ടി വിശദീകരണം ചോദിക്കുകയോ അറിയിക്കുകയോ ചെയ്യാതെയാണ് സസ്പെന്‍ഡ് ചെയ്തത്. കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയെന്ന് ഡിസിസി പ്രസിഡന്റ് പറയുന്നത് പച്ച നുണ. ബ്ലോക്ക് പ്രസിഡന്റ് സുധനാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. ഒരാളും തങ്ങളോട് രാജിവക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. ഞങ്ങള്‍ ഇപ്പോഴും കോണ്‍ഗ്രസിലാണെന്നും അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതേസമയം, അച്ചടക്ക നടപടിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് വ്യക്തമാക്കിയിട്ടുണ്ട്.
