തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ഥിപട്ടിക ഇന്ന് പ്രഖ്യാപിക്കും. ആകെ 95 സീറ്റിലാണ് കോണ്‍ഗ്രസ് മല്‍സരിക്കുക. തളിപ്പറമ്പ് ഉള്‍പ്പടെയുള്ള മണ്ഡലങ്ങളില്‍ സ്വതന്ത്രസ്ഥാനാര്‍ഥികളെ പിന്തുണയ്ക്കണമോ എന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.
അനിശ്ചിതത്വങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവിലാണ് കഴിഞ്ഞദിവസം കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയത്.19 സിറ്റിംഗ് എംഎല്‍എമാര്‍ അടക്കം 55 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ട പട്ടികയില്‍ ഉള്‍പ്പെട്ടത്. തര്‍ക്കം കടുത്തതോടെ തിരഞ്ഞെടുപ്പ് സമിതി യോഗം വൈകുന്നേരത്തേയ്ക്ക് നീട്ടി. കെ സുധാകരനും, അടൂര്‍ പ്രകാശിനും സീറ്റ് നല്‍കുന്നത് പരിഗണനയിലാണെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.
അതേസമയം, കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അനുനയ ശ്രമങ്ങള്‍ തുടരുന്നതിനിടെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ കെ സുധാകരന്‍ ഒരുങ്ങുന്നുവെന്നാണ് വിവരം. എം പിയെന്ന നിലയില്‍ കേരള ഹൗസിലുള്ള കുടിശ്ശിക പൂര്‍ണമായും തീര്‍ത്തു. മാത്രമല്ല, ഡല്‍ഹിയിലെ സിപിഡബ്ല്യുഡിയിലെ കുടിശ്ശികയും തീര്‍ക്കാനുള്ള നടപടികള്‍ സുധാകരന്റെ ഓഫീസ് തുടങ്ങി. ഈ കുടിശ്ശികകള്‍ തീര്‍ത്താല്‍ ബാധ്യതാരഹിത സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ നല്‍കും.
തിരഞ്ഞെടുപ്പിനായി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് സാധാരണ ഇത്തരം നടപടികള്‍ ചെയ്യാറുള്ളത്. രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് എംപിമാരില്‍ ചിലരും കഴിഞ്ഞ ദിവസം സുധാകരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍, സുധാകരന്‍ ഇവരെ തന്റെ അതൃപ്തി ശക്തമായ ഭാഷയില്‍ അറിയിച്ചതായാണ് വിവരം.
