നടന്‍ പ്രേംകുമാറുമായി ചര്‍ച്ച നടത്തി കോണ്‍ഗ്രസ് നേതാക്കള്‍

നാളെ കെ സി വേണുഗോപാലിനെ കണ്ടേക്കും

Update: 2026-02-15 10:32 GMT

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാന്‍ പ്രേംകുമാര്‍ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രേംകുമാറുമായി സംസാരിച്ചു. നാളെ ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയേക്കും. കോണ്‍ഗ്രസിലേക്ക് എത്തിയാല്‍ അര്‍ഹമായ പരിഗണന നല്‍കുമെന്ന് വേണുഗോപാല്‍ പറഞ്ഞുവെന്നും ഇതിനോട് പ്രേംകുമാര്‍ അനുകൂലമായി പ്രതികരിച്ചുവെന്നുമാണ് സൂചന. പ്രേംകുമാറുമായി സംസാരിച്ചുവെന്നത് കെ സി വേണുഗോപാല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ചലച്ചിത്ര അക്കാദമി സ്ഥാനത്തുനിന്ന് തന്നെ മാറ്റിയതിനെതിരേ കഴിഞ്ഞദിവസങ്ങളില്‍ പ്രേംകുമാര്‍ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.

തന്നെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍സ്ഥാനത്തുനിന്ന് പുറത്താക്കിയത് സ്വാഭാവിക നടപടിയാണെന്ന് വിശ്വസിക്കരുതെന്നും അത് സ്വാഭാവിക നടപടിയല്ലെന്നും പ്രേംകുമാര്‍ ഇന്ന് തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പ്രതികരിച്ചു.താനൊരിക്കലും ആശാസമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഏതെങ്കിലും പൊതുവേദിയില്‍ പോയി പ്രസംഗിച്ചതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അവിടെനിന്ന് തന്റെ സഹപ്രവര്‍ത്തകരിലാരോ ആ വിവരം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തു. പിറ്റേന്ന് ആശാ സമരം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രേംകുമാര്‍ ധാര്‍മികരോഷം പ്രകടിപ്പിച്ചു എന്ന തരത്തില്‍ വാര്‍ത്തവന്നു.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍സ്ഥാനത്തുനിന്ന് തന്നെ പുറത്താക്കുന്നതിന് അഞ്ചാറുമാസം മുന്‍പ് കൊച്ചിയില്‍വെച്ച് ഒരു അന്താരാഷ്ട്ര സാംസ്‌കാരിക സംഗമം നടന്നിരുന്നു. അതിന്റെ ആലോചനായോഗത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിയും പങ്കെടുത്തിരുന്നു. സംസ്‌കാരികമന്ത്രിയുടേയും അക്കാദമിയുടേയും സാംസ്‌കാരിക സ്ഥാപനങ്ങളുടേയുമൊക്കെ പ്രധാനപ്പെട്ട ആള്‍ക്കാരുമൊക്കെ പങ്കെടുത്ത ഒരു അനൗപചാരിക കൂടിക്കാഴ്ചയായിരുന്നു അത്. ഇത്രയും വലിയൊരു സാംസ്‌കാരികസംഗമം നമ്മള്‍ നടത്തുമ്പോള്‍ പാവപ്പെട്ട കുറച്ച് സ്ത്രീകള്‍ സെക്രട്ടേറിയറ്റിന്റെ നടയില്‍ സമരം നടത്തുകയാണ്. അവരുടെ പ്രശ്നം പരിഹരിക്കാന്‍ അങ്ങ് ഇടപെടണം അല്ലെങ്കില്‍ അത് സര്‍ക്കാരിന് വലിയ ദോഷം ചെയ്യുമെന്ന് പറഞ്ഞു. പോസിറ്റീവായാണ് അക്കാര്യം പറഞ്ഞത്. അല്ലാതെ വിമര്‍ശനമായിരുന്നില്ല. ആ സമയത്ത് വളരെ പോസിറ്റീവായി കണ്ടാണ് അവര്‍ കണ്ടതും പ്രതികരിച്ചതും, പ്രേംകുമാര്‍ പറഞ്ഞു.

കോണ്‍ഗ്രസിലേക്ക് പോകുമോ എന്ന ചോദ്യത്തിന് അത്തരം ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ല എന്നായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം. സ്വതന്ത്രമായി നിര്‍ഭയം അഭിപ്രായങ്ങള്‍ പറയാന്‍ പറ്റണം. മുന്‍കൂട്ടി തീരുമാനിച്ചു ജീവിതത്തെ സമീപിക്കുന്ന ആളല്ല താന്‍. നാളെ എന്ത് സംഭവിക്കും എന്ന് ഇന്ന് പറയാന്‍ കഴിയില്ല. ഇടത് സഹയാത്രികന്‍ ആയിട്ടും താന്‍ സിപിഎമ്മില്‍ അംഗത്വം എടുത്തിട്ടില്ലെന്നും പ്രേംകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ധാര്‍മികരോഷമുണ്ട്. മനുഷ്യപക്ഷത്തുനില്‍ക്കുന്ന കലാപ്രവര്‍ത്തകനാണ് താന്‍. രാഷ്ട്രീയക്കാരനൊന്നുമല്ല. കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന തന്റെ പ്രതിബദ്ധത മനുഷ്യരോടാണ്. അതുകൊണ്ടാണ് ഒരു പരസ്യചിത്രത്തില്‍ പോലും ഞാന്‍ അഭിനയിക്കാത്തത്. ടെലിവിഷന്‍ മേഖലയില്‍ ഉള്ളടക്കത്തിന്റെ കാര്യത്തില്‍ വലിയ അപചയം നടക്കുന്നു അത് എന്‍ഡോസള്‍ഫാനെപ്പോലെ അപകടകരമാണെന്ന് പരസ്യമായി വിളിച്ചുപറഞ്ഞയാളാണ് താന്‍. അത് സമൂഹത്തോട് പ്രതിബദ്ധതയുള്ളതുകൊണ്ടാണ്. ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ആശാസമരമെന്നല്ല ഒരു സമരവും സെക്രട്ടേറിയറ്റിന് മുന്‍പില്‍ നടക്കാന്‍ പാടില്ലെന്ന് വിശ്വസിക്കുന്ന ആളാണ് താന്‍, പ്രേംകുമാര്‍ പറഞ്ഞു.

ജനാധിപത്യ സംവിധാനത്തില്‍ സമരങ്ങളുണ്ടാകാം. അങ്ങനെയുണ്ടായാല്‍ അടിയന്തരപ്രാധാന്യം നല്‍കി അതില്‍ ഇടപെട്ട് പരിഹരിക്കാനുള്ള ആര്‍ജവം കാണിക്കണം. അല്ലാതെ അനിശ്ചിതകാലത്തേക്ക് ഇങ്ങനെ കുറേ പാവപ്പെട്ട സ്ത്രീകള്‍, അവരുടെ രാഷ്ട്രീയം എന്തുമായിക്കോട്ടെ. മറ്റു പലരും അവരെ രാഷ്ട്രീയമായി ഉപയോഗിച്ചിട്ടുണ്ടാകും. അത് മറ്റൊരു കാര്യം. അത് പൊതുസമൂഹത്തെ കൃത്യമായി ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടോ?. എന്നിരിക്കെ, പൊതുസമൂഹത്തില്‍ മൊത്തമായി ഒരു വികാരമുണ്ട് അത് ദോഷമാണ് എന്ന് പോസിറ്റീവായി പറഞ്ഞ കാര്യംമാത്രമാണ് തന്റെ പുറത്താക്കല്‍ നടപടിയില്‍ ഇവര്‍ക്ക് പറയാനുള്ളത്. അല്ലാതെ അത് സ്വാഭാവിക നടപടിയെന്ന് നിങ്ങള്‍ വിശ്വസിക്കരുത്. അത് സ്വാഭാവിക നടപടിയല്ല, പ്രേംകുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു.

കേരളത്തില്‍ സംസ്‌കാരിക വകുപ്പിന്റെ കീഴില്‍ വേറെയും അക്കാദമികള്‍ ഉണ്ട്. ഏതൊക്കെ അക്കാദമികളിലാണ് കാലാവധി കഴിഞ്ഞ ഉടനെ ചെയര്‍മാന്മാരെ മാറ്റിയിട്ടുള്ളത്. പലയിടത്തും ഇതേ പടി തുടരുന്നു. ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കിയത് സ്വാഭാവിക നടപടിയെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

Tags: