ചൂരല്‍മല-മുണ്ടക്കൈ ദുരിതബാധിതര്‍ക്കുള്ള വീട് നിര്‍മാണ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജവാര്‍ത്തക്കെതിരേ പരാതി നല്‍കി കോണ്‍ഗ്രസ്
കൊച്ചി: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായുള്ള കോണ്‍ഗ്രസിന്റെ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതി നല്‍കി കോണ്‍ഗ്രസ്. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസാണ് പോലിസില്‍ പരാതി നല്‍കിയത്. നടക്കുന്നത് സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് അജണ്ടയെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് നല്‍കിയ പരാതിയില്‍ പറയുന്നു. കോണ്‍ഗ്രസിനെതിരേ സൈബര്‍ ആക്രമണം നടക്കുന്നുവെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തെ സ്വാധീനിക്കാനുളള ശ്രമമാണിതെന്നും പരാതിയില്‍ പറയുന്നു.
ഒരു വിഭാഗം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു എന്ന് പരാതിയില്‍ പറയുന്നു. മൂന്നുപേര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്ന് മേരി വര്‍ഗീസ് പറഞ്ഞു. മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി ആപ്പിലൂടെയാണ് കോണ്‍ഗ്രസ് പണം സ്വീകരിച്ചതെങ്കില്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കണ്ണില്‍ പൊടിയിടാനാണ് കോണ്‍ഗ്രസ് കണക്ക് പുറത്തിവിട്ടതെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് ആരോപിച്ചു.
കഴിഞ്ഞ ദിവസം മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി പിരിച്ച തുകയുടെ കണക്ക് കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫാണ് കണക്കുകള്‍ പുറത്തുവിട്ടത്. ആകെ 5,38,21,632 രൂപയാണ് ലഭിച്ചത്. തന്റെയും വി ഡി സതീശന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലാണ് ഈ തുക ലഭിച്ചത് എന്നും സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു.
