വിമത സ്ഥാനാര്‍ഥിയെ പുറത്താക്കി കോണ്‍ഗ്രസ്

സിപിഎം വിട്ടുവന്ന ടി കെ ഗോവിന്ദനെ യുഡിഎഫ് പിന്തുണയ്ക്കുന്നതിനെതിരെയാണ് ജനാര്‍ദ്ദനന്‍ വിമതനായത്

Update: 2026-03-27 03:30 GMT

കണ്ണൂര്‍: തളിപ്പറമ്പിലെ വിമത സ്ഥാനാര്‍ഥിയെ പുറത്താക്കി കോണ്‍ഗ്രസ്. കെപിസിസി അംഗം കൊയ്യം ജനാര്‍ദ്ദനനെയാണ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്. പാര്‍ട്ടി അച്ചടക്കം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തളിപ്പറമ്പില്‍ യുഡിഎഫ് പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിക്കെതിരെ മല്‍സരിക്കുന്നതിനാലാണ് നടപടി. തളിപ്പറമ്പില്‍ സ്ഥാനാര്‍ഥിയായി ജനാര്‍ദനന്‍ പത്രിക സമര്‍പ്പിച്ചിരുന്നു. കെപിസിസി, ഡിസിസി പ്രസിഡന്റുമാരുടെ അനുനയ ശ്രമത്തിലും വഴങ്ങാതിരുന്നതോടെയാണ് കെപിസിസി അംഗത്തെ പുറത്താക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

സിപിഎം വിട്ടുവന്ന ടി കെ ഗോവിന്ദനാണ് തളിപ്പറമ്പില്‍ യുഡിഎഫ് സ്വതന്ത്രനായി മല്‍സരിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് കൊയ്യം ജനാര്‍ദ്ദനന്‍ പത്രിക സമര്‍പ്പിച്ചത്. ഗോവിന്ദന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ അധ്യക്ഷന്‍ വിജില്‍ മോഹനനും സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിജില്‍ മല്‍സരിക്കാനുളള തീരുമാനത്തില്‍ നിന്ന് പിന്മാറി. അതേസമയം ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് തനിക്ക് പാലിക്കണമെന്ന് കൊയ്യം ജനാര്‍ദ്ദനന്‍ പറഞ്ഞു. വെളളിയാഴ്ച്ച തളിപ്പറമ്പില്‍ പത്രസമ്മേളനം നടത്തും. ശനിയാഴ്ച്ച മുതല്‍ സ്ഥാനാര്‍ഥി പര്യടനം നടത്തുമെന്നും ജനാര്‍ദ്ദനന്‍ അറിയിച്ചു. തളിപ്പറമ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ ശ്യാമളയാണ്.

Tags: