രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം; വെള്ളം കുടിച്ചുമരിച്ചാല്‍ ഭാഗ്യമെന്ന് പത്തനംതിട്ട ഡിസിസി
പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് അനുകൂലമായി ഫെയ്സ്ബുക്ക് ലൈവിട്ട പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് കടുത്ത വിമര്‍ശനവുമായി പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് അനില്‍ തോമസ്. പേരിന്റെ അര്‍ത്ഥത്തിന് വിപരീതമായാണ് കുഞ്ഞമ്മ പറഞ്ഞുകൊണ്ടിരിക്കുന്നത്. വെള്ളം കുടിച്ചു മരിച്ചാല്‍ ഭാഗ്യമെന്നും വിമര്‍ശനം. ഫേസ്ബുക്ക് പേജിലൂടെയാണ് വിമര്‍ശനം ഉന്നയിച്ചത്.
അടുത്തിടെയാണ് ശ്രീനാദേവി കുഞ്ഞമ്മ യുഡിഎഫിലേക്ക് എത്തിയത്. കോണ്‍ഗ്രസ് പാര്‍ട്ടി ഒന്നടങ്കം രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ നിലപാട് എടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ശ്രീനാദേവി രാഹുലിനെ അനുകൂലിച്ചുകൊണ്ട് തിങ്കളാഴ്ച ഫെയ്സ്ബുക്ക് ലൈവില്‍ സംസാരിച്ചത്. കേസില്‍ സത്യം പുറത്തുവരട്ടെ എന്നും അതുവരെ അതിജീവിതനൊപ്പം നില്‍ക്കാനാണ് താല്‍പര്യപ്പെടുന്നത് എന്നുമായിരുന്നു ശ്രീനാദേവി പറഞ്ഞത്.
ഫേസ്ബുക്ക് ലൈവിനു പിന്നാലെ കടുത്ത വിമര്‍ശനമാണ് ശ്രീനാദേവിക്കെതിരേ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉയരുന്നത്. പേരിന്റെ അര്‍ത്ഥത്തിന് വിപരീതമായ കാര്യങ്ങളാണ് ശ്രീനാദേവി പറയുന്നതെന്ന് പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് അനില്‍ തോമസ് പറഞ്ഞു. 'പേരിന്റെ അര്‍ത്ഥത്തിന് വിപരീതമാണ് ഈ കുഞ്ഞ ''മ്മ'' പറഞ്ഞുകൊണ്ടിരിക്കുന്നത്. വെള്ളം കുടിച്ചുമരിച്ചാല്‍ ഭാഗ്യം' എന്ന് അനില്‍ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.
രാഹുലിനെ പിന്തുണയ്ക്കുന്നതിനോടൊപ്പം ശ്രീനാദേവി കുഞ്ഞമ്മ നിലവിലെ പരാതികളില്‍ സംശയവും പ്രകടിപ്പിച്ചു. അതിജീവിതയ്ക്കൊപ്പം നില്‍ക്കുമ്പോള്‍ തന്നെ അതിജീവിതന്റെ ഭാഗം കൂടി കേള്‍ക്കണം. താന്‍ അദ്ദേഹത്തോടൊപ്പമാണ്. രാഹുലിനെതിരേ ഉയര്‍ന്ന പല പരാതികളിലും സംശയമുണ്ട്. ഒന്നാമത്തെ പരാതിയില്‍ പീഡന ആരോപണം നിലനില്‍ക്കില്ലെന്നും രണ്ടാമത്തെ കേസിലും കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയാണ് ശ്രീനാദേവി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കിയത്.
'രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍, കോടതി തീരുമാനിക്കട്ടെ. അതിനുശേഷം നമുക്ക് തീരുമാനിക്കാം. വാര്‍ത്തകള്‍ ഒരുപാട് എഴുതിപ്പിടിപ്പിക്കുന്ന മാധ്യമങ്ങള്‍ അതിന്റെ വസ്തുത അറിയുന്നുണ്ടോ എന്നുകൂടി ശ്രദ്ധിക്കണം. കുടുംബം ഒരാള്‍ക്ക് മാത്രമല്ല, ഇപ്പുറത്തുമുണ്ടെന്ന് ആലോചിക്കണം. അതുകൊണ്ട്, പുരുഷനും സ്ത്രീക്കും തുല്യനീതി വേണം. അതില്‍ രണ്ടുപേരും ഒരുപോലെ ചതിക്കപ്പെടുന്നുവെങ്കില്‍ ഉറപ്പായും സ്ത്രീക്ക് കുറച്ചുകൂടി പരിഗണന കൊടുക്കണം എന്നാണ് നമ്മുടെ നിയമങ്ങള്‍ പറയുന്നത്.' ശ്രീനാദേവി അഭിപ്രായപ്പെട്ടു.
'ആ പരിഗണന ലഭിച്ചാല്‍ മാത്രമേ ഈ സമൂഹത്തില്‍ സ്ത്രീക്ക് മുന്നോട്ടുപോകാന്‍ സാധിക്കൂ. അതേ പരിഗണനയുടെ അടിസ്ഥാനത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ അതിജീവിതന്റെ ഒപ്പമുള്ള യാത്രയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നീതി അര്‍ഹിക്കുന്ന അതിജീവിതരുടെ ഒപ്പം ഉറപ്പായും ഉണ്ടാകും. രാഹുലിന്റെ വിഷയത്തില്‍ ഒരുപാടുപേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതില്‍ ആരാണ് ശരി. തെറ്റുകാരനെന്ന് നിയമം പ്രഥമദൃഷ്ട്യാ കണ്ടതുകൊണ്ടാണ് രാഹുല്‍ അഴിക്കുള്ളിലായത്.' ശ്രീനാദേവി പറഞ്ഞു.
'അതിന്റെ അര്‍ഥം രാഹുലിനെ തെറ്റുകാരനായി കണ്ടെത്തി എന്നല്ല, സ്ത്രീക്ക് പ്രഥമ പരിഗണന കൊടുത്തു എന്നാണ്. അപ്പോള്‍, ഇതില്‍ ആരാണ് ശരി എന്ന ചോദ്യം വളരെ പ്രസക്തമാണ്. ബന്ധങ്ങളുടെ വില നമ്മള്‍ കുറച്ചുകൂടി ഓര്‍ക്കണം. കോടതി വിധി വന്നാല്‍ മാത്രമേ ഇതിലൊക്കെ വ്യക്തത വരുള്ളൂ. അപ്പോള്‍, എന്റെ കാഴ്ചപ്പാടുകളില്‍ തെറ്റുവന്നതായി മനസിലാക്കിയാല്‍ അത് മാറ്റും. മറ്റുള്ളവരുടെ അഭിപ്രായങ്ങളാണ് തെറ്റെങ്കില്‍ അതും മാറണം. അതുവരെ ക്രൂശിക്കപ്പെടാന്‍ രാഹുല്‍ മാങ്കൂട്ടത്തിലും അര്‍ഹിക്കുന്നില്ല, അതിജീവിതമാരും അര്‍ഹിക്കുന്നില്ല.' ശ്രീനാദേവി വ്യക്തമാക്കി.

