നിയമസഭാ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മല്‍സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസില്‍ തീരുമാനം

Update: 2026-01-27 14:04 GMT

ന്യൂഡല്‍ഹി: കേരളത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മല്‍സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസില്‍ തീരുമാനം. കെപിസിസി തിരഞ്ഞെടുപ്പ് നയരൂപീകരണ സമിതിയിലേതാണ് തീരുമാനം. സമിതിയില്‍ ഭൂരിപക്ഷത്തിന്റേയും അഭിപ്രായം എംപിമാര്‍ മല്‍സരിക്കേണ്ടതില്ലെന്നാണ്. ആരും സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കേണ്ടെന്നും യോഗത്തില്‍ നേതാക്കള്‍ വ്യക്തമാക്കി. സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കി എഐസിസിക്ക് കൈമാറുന്നതുവരേയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കെപിസിസി പ്രസിഡന്റിനേയും പ്രതിപക്ഷ നേതാവിനേയും തിരഞ്ഞെടുപ്പ് സമിതി യോഗം ചുമതലപ്പെടുത്തി

നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതിനുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്കാണ് കോണ്‍ഗ്രസ് തുടക്കമിട്ടത്. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ ചേര്‍ന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ എംപിമാര്‍ മല്‍സരിക്കേണ്ടെന്നായിരുന്നു ഭൂരിപക്ഷാഭിപ്രായം. വിജയസാധ്യത മാത്രമാകും തിരഞ്ഞെടുപ്പിലെ മാനദണ്ഡമെന്ന് ദീപാ ദാസ് മുന്‍ഷി പറഞ്ഞു. എംപിമാര്‍ സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കേണ്ട. സ്ഥാനാര്‍ഥിത്വത്തിനായി പ്രവര്‍ത്തിക്കുകയും വേണ്ട. തര്‍ക്കങ്ങള്‍ ഇല്ലാതെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കണം. മൂന്നു സര്‍വ്വേ റിപോര്‍ട്ടുകളുണ്ട്, അത് കണക്കിലെടുക്കുമെന്നും, സാമുദായിക സന്തുലിതാവസ്ഥ പാലിക്കും, പരസ്പര സമ്മതമില്ലാതെ ഒരു ഘടകകക്ഷികളുടേയും സീറ്റ് ഏറ്റെടുക്കേണ്ടെന്നും തീരുമാനിച്ചു.

കെ സുധാകരന്‍, അടൂര്‍ പ്രകാശ്, ബെന്നി ബഹനാന്‍ ഉള്‍പ്പെടേയുള്ള എംപിമാര്‍ തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ പങ്കെടുത്തെങ്കിലും ആരും എതിരഭിപ്രായം പറഞ്ഞില്ല. ആര്‍ക്കെങ്കിലും ഇളവ് നല്‍കണോയെന്ന കാര്യം അന്തിമമായി തീരുമാനിക്കുക എഐസിസി ആയിരിക്കും. തിരഞ്ഞെടുപ്പ് സമിതി അംഗങ്ങള്‍ക്കും പേരുകള്‍ നിര്‍ദ്ദേശിക്കാം. ജില്ലാ നേതൃത്വങ്ങളുമായി പ്രത്യേകം ചര്‍ച്ചകള്‍ നടത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ നേതാക്കളുമായി കെപിസിസി നേതൃത്വം ഇന്ന് ചര്‍ച്ച നടത്തും.

പ്രതിപക്ഷ നേതാവ് നേതൃത്വം നല്‍കുന്ന കേരള യാത്രയ്ക്ക് മുന്നോടിയായി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. സിറ്റിങ് സീറ്റുകളിലും സംവരണ സീറ്റുകളിലും ആയിരിക്കും ആദ്യം സ്ഥാനാര്‍ഥികളെ തീരുമാനിക്കുക. തൃപ്പൂണിത്തുറ, പാലക്കാട്, ബത്തേരി, പെരുമ്പാവൂര്‍ എന്നീ സിറ്റിങ് സീറ്റുകളില്‍ പുതിയ സ്ഥാനാര്‍ഥികള്‍ വരും.