പത്തനംതിട്ടയില്‍ ദേശീയ പതാക അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നുവെന്ന പരാതിയുമായി കോണ്‍ഗ്രസ്

Update: 2025-12-29 14:46 GMT

പത്തനംതിട്ട: മലയാലപ്പുഴയില്‍ ദേശീയ പതാക അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നതായി പരാതി. ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ച് പോലിസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്. സംഭവം അന്വേഷിക്കുമെന്ന് ജില്ലാ കളക്ടര്‍ പ്രേം കൃഷ്ണന്‍ പ്രതികരിച്ചു. മലയാലപ്പുഴയിലെ ഡിടിപിസിക്കു കീഴിലുള്ള കെട്ടിടത്തിനു പിന്‍വശത്താണ് ദേശീയ പതാക അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നത്.

കഴിഞ്ഞ നാലു വര്‍ഷത്തിലേറെയായി ദേശീയ പതാക യാതൊരു മാനദണ്ഡവും പാലിക്കാതെ അലക്ഷ്യമായി കെട്ടിടത്തിനു പിന്‍ഭാഗത്ത് കൂട്ടിയിട്ടിരിക്കുകയാണെന്നാണ് പരാതി. കഴിഞ്ഞ ദിവസം അമിനിറ്റി സെന്ററില്‍ യോഗത്തിനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയ പതാക കൂട്ടിയിട്ടിരിക്കുന്നത് കണ്ടു. കുടുംബശ്രീയുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ക്കുവേണ്ടി ദേശീയ പതാക എത്തിച്ചെന്നാണ് പ്രാഥമിക വിവരം.

ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മലയാലപ്പുഴ പോലിസില്‍ പരാതി നല്‍കി. കുറ്റക്കാര്‍ക്കെതിരേ കടുത്ത നടപടി വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പോലിസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. സംഭവത്തില്‍ കുടുംബശ്രീയുമായി ബന്ധപ്പെട്ട ആരും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.