കോണ്‍ഗ്രസ് പരാതി; രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക സൂക്ഷ്മപരിശോധനയ്ക്കിടെ മാറ്റിവച്ചു

Update: 2026-03-24 07:27 GMT

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക സൂക്ഷ്മപരിശോധനയ്ക്കിടെ മാറ്റിവച്ചു. ബെംഗളൂരുവിലെ വീടിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന കോണ്‍ഗ്രസ് പരാതിയെ തുടര്‍ന്നാണ് നീക്കം. പത്രിക സ്വീകരിക്കണമോ ഇല്ലയോ എന്നതില്‍ ഒരുമണിക്കുളളില്‍ തീരുമാനമെടുക്കുമെന്നാണ് വിവരം.

ബെംഗളൂരുവിലെ 200 കോടി രൂപ വിലവരുന്ന ഈ വീടിന്റെ വിവരങ്ങള്‍ രാജീവ് ചന്ദ്രശേഖര്‍ പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് കോണ്‍ഗ്രസിന്റെ പരാതി.ബെംഗളൂരുവിലെ വസ്തുവിന് കരമടച്ച രശീതികളുടെ തെളിവുകള്‍ സഹിതമാണ് കോണ്‍ഗ്രസ് പരാതി ഉന്നയിച്ചിരുന്നത്.

നേമത്ത് ബിജെപി ജിയിക്കുമെന്ന കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ആശങ്കയാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.കള്ളം പറഞ്ഞ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടരുത്. ഇറ്റലിയില്‍ ജനിച്ച സോണിയ ഗാന്ധിയെ പാര്‍ട്ടി പ്രസിഡന്റാക്കിയ കോണ്‍ഗ്രസാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ വരത്തനെന്ന് വിളിച്ചത്. തനിക്കെതിരെ നിരന്തരം ആക്ഷേപം ഉന്നയിക്കുന്ന മന്ത്രി വി ശിവന്‍കുട്ടിക്ക് ഭ്രാന്തായോ എന്ന് സംശയമുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Tags: