കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക നാളെ പ്രഖ്യാപിക്കും; സണ്ണി ജോസഫ്

നാളെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിക്ക് ശേഷം പ്രഖ്യാപനം

Update: 2026-03-16 13:57 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുന്നതില്‍ ഒരു തിരക്കുമില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സ്ഥാനാര്‍ഥി പട്ടിക ഇന്നുണ്ടാകില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അറിയിച്ചു. നാളെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിക്ക് ശേഷം ആദ്യ പട്ടിക പ്രഖ്യാപനം നടത്താനാണ് ഒരുങ്ങുന്നത്. പലമണ്ഡലങ്ങളിലും ഭിന്നാഭിപ്രായമുണ്ട്. തീരുമാനമായ പല മണ്ഡലങ്ങളിലും വീണ്ടും ചര്‍ച്ച നടത്തും. ആദ്യ ഘട്ട പട്ടിക വൈകാന്‍ കാരണം ഈ തര്‍ക്കമാണെന്നാണ് ലഭിക്കുന്ന വിവരം. സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള നേതൃയോഗം എഐസിസി ആസ്ഥാനത്ത് തുടരുകയാണ്.

തീരുമാനം നാളെ പ്രഖ്യാപിക്കും. ഒരു തിരക്കുമില്ല. കോണ്‍ഗ്രസ് ഒരു അഖിലേന്ത്യാ പാര്‍ട്ടിയാണ്. മറ്റു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ ക്രമീകരണങ്ങളുമുണ്ട്. എംപിമാര്‍ മല്‍സരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. കെ സുധാകരന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാകും ഈ സീറ്റുകളില്‍ പ്രഖ്യാപനമുണ്ടാകുക. ഹൈക്കമാന്‍ഡാണ് എംപിമാര്‍ മല്‍സരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്.

ഡല്‍ഹിയില്‍ എത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയുമായും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി. നാളെ ചേരുന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം ആദ്യഘട്ട പട്ടിക പ്രഖ്യാപിക്കാനാണ് ധാരണ. ആദ്യഘട്ട പട്ടികയില്‍ 60ല്‍ ഏറെ സ്ഥാനാര്‍ഥികള്‍ ഉണ്ടാകുമെന്നാണ് സൂചന. കെ സുധാകരന്‍ നാളെ ഡല്‍ഹിയില്‍ എത്തി ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടത്തും.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ 24 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ അവകാശവാദം. എന്നാല്‍ ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ ഇപ്പോഴും തുടരുന്നുകയാണ്. അന്തിമ ചര്‍ച്ചകള്‍ക്കായി ഇന്ന് കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. 32 സ്ഥാനാര്‍ഥികളെ ഇന്നും രണ്ടാം പട്ടിക ബുധനാഴ്ചയും പ്രഖ്യാപിക്കുമെന്നായിരുന്നു പുറത്തുവന്ന സൂചനകള്‍.

Tags: