കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നില്ല; അന്തിമ തീരുമാനമായില്ലെന്ന് സണ്ണി ജോസഫ്
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികള്‍ ആരെന്നുള്ള കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. നാല്‍പതിലേറെ സീറ്റുകളില്‍ ഇന്ന് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്. എംപിമാര്‍ മല്‍സരിക്കാന്‍ സന്നദ്ധത അറിയിച്ച സീറ്റുകളിലും ഇന്ന് പ്രഖ്യാപനം ഉണ്ടായേക്കില്ല.
സ്ഥാനാര്‍ഥി പട്ടിക വൈകുന്നതില്‍ സംസ്ഥാനത്തെ ചില കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനോടകം തന്നെ എല്‍ഡിഎഫ് മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നേരത്തെ തന്നെ സ്ഥാനാര്‍ഥി ചര്‍ച്ച തുടങ്ങിയിട്ടും ആദ്യം തന്നെ പ്രഖ്യാപിക്കാന്‍ കഴിയാതെപോയ യുഡിഎഫ് ക്യാംപില്‍ തിരക്കിട്ട ചര്‍ച്ചകളാണ് ഇന്ന് നടക്കുന്നത്.
ആര്‍എസ്പിയാണ് യുഡിഎഫില്‍ നിന്ന് ആദ്യം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ചവറയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണും, കുന്നത്തൂരില്‍ ഉല്ലാസ് കോവൂരും, ഇരവിപുരത്ത് അഡ്വ. വിഷ്ണു മോഹനും, ആറ്റിങ്ങലില്‍ സന്തോഷ് ഭദ്രനും മല്‍സരിക്കും.