നരേന്ദ്രമോദിയുടെ മണിപ്പൂര്‍ സന്ദര്‍ശനം പ്രഹസനമെന്ന് കോണ്‍ഗ്രസ്

മോദിക്കും അമിത് ഷാക്കും പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ കഴിവില്ലെന്ന് ഖാര്‍ഗെ

Update: 2025-09-13 08:30 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ മണിപ്പൂര്‍ സന്ദര്‍ശനം പ്രഹസനമെന്ന് കോണ്‍ഗ്രസ്. പരിക്കേറ്റ ഈ ജനതയോടുള്ള കടുത്ത അപമാനമാണിതെന്നും, മോദിയുടെ റോഡ് ഷോ ദുരിതാശ്വാസ ക്യാമ്പുകളിലെ ആളുകളുടെ നിലവിളി കേള്‍ക്കാതെ രക്ഷപ്പെടാനുള്ള ഭീരുത്വമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എക്‌സില്‍ കുറിച്ചു. മണിപ്പൂരില്‍ വംശീയകലാപം തുടങ്ങിയിട്ട് 864 ദിവസം പിന്നിട്ടു. എന്നിട്ടും പ്രധാനമന്ത്രി രണ്ട് വര്‍ഷത്തിലേറെയായി മണിപ്പൂര്‍ സന്ദര്‍ശിച്ചില്ല.

ഏകദേശം 300 പേരാണ് അക്രമങ്ങളില്‍ കൊല്ലപ്പെട്ടത്. 1,500 പേര്‍ക്ക് പരിക്കുപറ്റി. 67,000 പേര്‍ ഭവനരഹിതരായി. എന്നാല്‍ ഈ കാലയളവില്‍ മോദി 46 വിദേശ യാത്രകള്‍ നടത്തിയെന്നും സ്വന്തം പൗരന്മാരോട് സഹതാപം പ്രകടിപ്പിക്കാന്‍ ഒരിക്കല്‍ പോലും മണിപ്പൂരിലെത്തിയില്ലെന്നും ഖാര്‍ഗെ വിമര്‍ശിച്ചു. 2022 ജനുവരിയില്‍ തിരഞ്ഞെടുപ്പിനുവേണ്ടിയാണ് അവസാനമായി മോദി മണിപ്പൂരിലെത്തിയത്. നിങ്ങളുടെ ഇരട്ട എഞ്ചിന്‍ മണിപ്പൂരിലെ നിഷ്‌കളങ്ക ജീവിതങ്ങളെ തകര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കും പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ കഴിവില്ലെന്നും, അക്രമം തുടര്‍ന്നതിനാല്‍ സര്‍ക്കാറിന് രക്ഷപ്പെടാനായി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയാണ് ചെയ്തതെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി. ഇംഫാലിലും ചുരാചന്ദ്പൂരിലുമായി നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുത്ത് പ്രധാനമന്ത്രി അസമിലേക്ക് തിരിക്കും.

Tags: