മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള ഭവനപദ്ധതിക്കായി ഭൂമി വാങ്ങി കോണ്‍ഗ്രസ്
കെപിസിസി അധ്യക്ഷന്റെ പേരില്‍ മൂന്നേകാല്‍ ഏക്കര്‍ ഭൂമി രജിസ്റ്റര്‍ ചെയ്തു, ബാക്കി ഭൂമിയും വാങ്ങുമെന്ന് പ്രഖ്യാപനം
കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായുള്ള ഭവന പദ്ധതിക്കായി കോണ്‍ഗ്രസ് ഭൂമി വാങ്ങി. മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റയില്‍ മൂന്നേക്കാല്‍ ഏക്കര്‍ ഭൂമിയാണ് വാങ്ങിയത്. കെപിസിസി പ്രസിഡന്റിന്റെ പേരിലാണ് ഭൂമി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 1,100 സ്‌ക്വയര്‍ ഫീറ്റുള്ള വീടും എട്ട് സെന്റ് സ്ഥലവുമാണ് കോണ്‍ഗ്രസ് നല്‍കുക എന്നാണ് സൂചന. വൈകാതെ രണ്ടിടങ്ങളില്‍ കൂടി ഭൂമി വാങ്ങും.
കോണ്‍ഗ്രസ് 100 വീടുകള്‍ നിര്‍മ്മിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. യൂത്ത് കോണ്‍ഗ്രസ് 30 വീടുകളും. എന്നാല്‍ ലക്ഷ്യമിട്ട തുക കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് 1.05 കോടി രൂപ കോണ്‍ഗ്രസിന് കൈമാറിയിരുന്നു. ഈ തുക കൂടി ഉപയോഗിച്ച് ആകെ 100 വീടുകള്‍ നിര്‍മ്മിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നുള്ള വിവരം.