ആംബുലന്‍സ് തടഞ്ഞ് കോണ്‍ഗ്രസ് സമരം; രോഗി മരിച്ചെന്ന് ആരോപണം

Update: 2025-07-20 07:41 GMT

തിരുവനന്തപുരം: ആംബുലന്‍സ് തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ സമരത്തെ തുടര്‍ന്ന് രോഗി മരിച്ചെന്ന് ആരോപണം. വിതുര സ്വദേശി ബിനു (44) എന്ന ആദിവാസി യുവാവാണ് മരിച്ചത്. തിരുവനന്തപുരം വിതുര ആശുപത്രിക്ക് മുന്നിലായിരുന്നു കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സമരം നടത്തിയിരുന്നത്. ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്നാണ് ബിനുവിനെ വിതുര ആശുപത്രിയില്‍ എത്തിച്ചിരുന്നത്. പ്രാഥമിക ചികില്‍സയ്ക്ക് ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുമ്പോഴാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആംബുലന്‍സ് തടഞ്ഞത്. ബന്ധുക്കള്‍ പറഞ്ഞിട്ടും ആംബുലന്‍സ് വിടാന്‍ പ്രവര്‍ത്തകര്‍ തയാറായില്ല. അരമണിക്കൂറോളം വൈകിയാണ് ബിനുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞത്. പിന്നാലെ രോഗി മരിക്കുകയായിരുന്നു. കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിനുവിന്റെ കുടുംബം അഭ്യര്‍ത്ഥിച്ചു.