ജമ്മു കശ്മീരിലേയും ലഡാക്കിലേയും മൂന്ന് മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

Update: 2024-03-23 10:42 GMT

ശ്രീനഗര്‍: കേന്ദ്രഭരണപ്രദേശങ്ങളായ ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ മൂന്ന് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ജമ്മു കശ്മീരിലെ രണ്ട് മണ്ഡലങ്ങളിലേക്കും ലഡാക്കിലെ ഒരു മണ്ഡലത്തിലേക്കുമുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ജമ്മു കശ്മീരിലെ ഉദ്ധംപുര്‍ മണ്ഡലത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ, മുന്‍ മന്ത്രി കൂടിയായ ലാല്‍ സിങ്ങിനെയാണ് മത്സരിപ്പിക്കുന്നത്. ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് രമണ്‍ ഭല്ലയാണ് ജമ്മു മണ്ഡലത്തിലെ സ്ഥാനാര്‍ഥി. ലഡാക്ക് പിടിക്കാനായി കോണ്‍ഗ്രസ് ഇറക്കിയിരിക്കുന്നത് മുന്‍ എംഎല്‍എ റിഗ്‌സിന്‍ ജോറയെയാണ്.

    അഞ്ചുഘട്ടമായാണ് ജമ്മു കശ്മീരില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 19, ഏപ്രില്‍ 26, മെയ് ഏഴ്, മെയ് 13, മെയ് 20 എന്നീ തീയതികളിലാണ് തിരഞ്ഞെടുപ്പ്. ജൂണ്‍ നാലിന് വോട്ടെണ്ണല്‍ നടക്കും. ബാരാമുള്ള, ശ്രീനഗര്‍, അനന്തനാഗ്‌രജൗരി, ഉദംപുര്‍, ജമ്മു എന്നിവയാണ് ജമ്മു കശ്മീരിലെ മണ്ഡലങ്ങള്‍.

Tags: