നാട്ടികയില്‍ സി സി മുകുന്ദനെ കൈവിട്ട് കോണ്‍ഗ്രസ്
നാട്ടികയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് സൂചന
തൃശൂര്‍: നാട്ടികയില്‍ സിപിഐ വിട്ട് സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച സി സി മുകുന്ദനെ പിന്തുണയ്‌ക്കേണ്ടെന്ന നിലപാടില്‍ കോണ്‍ഗ്രസ്. യുഡിഎഫ് നാട്ടികയില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നാണ് സൂചന. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പാണ് കാരണം. സംസ്ഥാന നേതൃത്വത്തില്‍ നിന്ന് ഡിസിസിക്കും ഇതുവരെ നിര്‍ദേശങ്ങള്‍ ഒന്നും ലഭിച്ചില്ല. സുനില്‍ ലാലൂര്‍ നാട്ടികയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കും. സി കെ വിനോദിനെയും പരിഗണിക്കുന്നുണ്ട്. മുകുന്ദന്‍ സ്വതന്ത്രനായി മല്‍സരിക്കട്ടേയെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പൊതു അഭിപ്രായം കെപിസിസിയെ അറിയിച്ചു.
നാട്ടിക എംഎല്‍എയായിരുന്ന സി സി മുകുന്ദനെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സിപിഐയില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് പകരം മുന്‍ എംഎല്‍എ ഗീതാ ഗോപിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമാകുന്നത്. തനിക്ക് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് പാര്‍ട്ടി നേതൃത്വത്തിനെതിരേ സി സി മുകുന്ദന്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഗീതാ ഗോപിയുടേത് പെയ്മെന്റ് സീറ്റാണെന്നും തനിക്ക് പണം പിരിച്ചു നല്‍കാന്‍ കഴിയാത്തതിനാലാണ് ഒഴിവാക്കപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
