യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികള്‍ തമ്മില്‍ സംഘര്‍ഷം
കോഴിക്കോട് മൈലള്ളാംപായിലില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജിന്‍സ് കെ ജാന്‍സിനെ സെക്രട്ടറി കുത്തിപ്പരിക്കേല്‍പ്പിച്ചു
കോഴിക്കോട്: പുതുപ്പാടിയില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികള്‍ തമ്മില്‍ സംഘര്‍ഷം. കോഴിക്കോട് പുതുപ്പാടിയിലുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റിന്റെ തലക്ക് സെക്രട്ടറി കല്ലുകൊണ്ടു കുത്തിപ്പരിക്കേല്‍പ്പിച്ചു. മൈലള്ളാംപായിലില്‍ വെച്ച് മണ്ഡലം വൈസ് പ്രസിഡന്റ് ജിന്‍സ് കെ ജാന്‍സിനാണ് കുത്തേറ്റത്.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി പ്രിന്‍സാണ് കല്ലുകൊണ്ട് തന്നെ കുത്തിപ്പരിക്കേല്‍പ്പിച്ചതെന്ന് ജിന്‍സ് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ദീപു, ഭാരവാഹി എല്‍ബിന്‍ എന്നിവരുടെ നേതൃത്വത്തില്‍ പതിനഞ്ചോളം വരുന്ന സംഘമാണ് തന്നെ ആക്രമിച്ചതെന്നും ജിന്‍സ് പറഞ്ഞു. പ്രിന്‍സിന്റെ വീടിന് സമീപത്തുള്ള റോഡിലാണ് ഇവര്‍ ഏറ്റുമുട്ടിയത്. പരിക്കേറ്റ ജിന്‍സിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘടനാ പ്രശ്‌നങ്ങള്‍ കാരണമാണ് അക്രമമെന്നും നിയമ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ജിന്‍സ് പോലിസില്‍ പരാതി നല്‍കി.