ശാസ്താംകോട്ട ഡിബി കോളജിലെ സംഘര്‍ഷം;കൊല്ലത്ത് മൂന്ന് ദിവസം നിരോധനാജ്ഞ

നാലിലധികം ആളുകള്‍ കൂട്ടംകൂടുന്നതിന് വിലക്കുണ്ട്. കൂടാതെ രാഷ്ട്രീയ യോഗങ്ങള്‍, പ്രകടനങ്ങള്‍, സമാധാനലംഘനത്തിനു കാരണമാകുന്ന പ്രവൃത്തികള്‍ എന്നിവയും നിരോധിച്ചു

Update: 2022-02-19 03:29 GMT

കൊല്ലം:കൊല്ലം ശാസ്താംകോട്ട ഡിബി കോളജിലെ സംഘര്‍ഷം കാമ്പസിന് പുറത്തേക്കും വ്യാപിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ തിങ്കളാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.സംഘര്‍ഷമോ പൊതുമുതല്‍ നശിപ്പിക്കലോ ഉണ്ടായാല്‍ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുക്കും.ജനങ്ങള്‍ കൂട്ടം കൂടുകയോ നിയമലംഘനം നടത്തുകയോ ചെയ്യരുത്.കേരള പോലിസ് ആക്ട് 2011 വകുപ്പ് 79 പ്രകാരമുള്ള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നാലിലധികം ആളുകള്‍ കൂട്ടംകൂടുന്നതിന് വിലക്കുണ്ട്. കൂടാതെ രാഷ്ട്രീയ യോഗങ്ങള്‍, പ്രകടനങ്ങള്‍, സമാധാനലംഘനത്തിനു കാരണമാകുന്ന പ്രവൃത്തികള്‍ എന്നിവയും നിരോധിച്ചു. എന്നാല്‍ മതപരമായ ചടങ്ങുകള്‍ക്ക് നിയന്ത്രണം ബാധകമല്ല.

സംഘര്‍ഷത്തെ തുടര്‍ന്ന് ജില്ലയുടെ വിവിധഭാഗങ്ങളില്‍ രാഷ്ട്രീയസംഘടനകള്‍ യോഗങ്ങളും പ്രകടനങ്ങളും നിശ്ചയിച്ചിരുന്നു. ഇത്തരം പരിപാടികളില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളികള്‍, അക്രമങ്ങള്‍, പൊതുജനങ്ങള്‍ക്ക് കഷ്ടനഷ്ടങ്ങള്‍ വരുത്തല്‍ എന്നിവ ഉണ്ടാകാന്‍ ഇടയുള്ളതിനാലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതെന്ന് എസ്പി കെ ബി രവി പറഞ്ഞു.

ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജിലെ യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ എസ് യു എസ് എഫ് ഐ വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മിലുണ്ടായ പ്രശ്‌നമാണ് പിന്നീട് സംഘര്‍ഷത്തില്‍ കലാശിച്ചത്.നിരവധി വീടുകളും കെട്ടിടങ്ങള്‍ക്കും നേരെ ആക്രമമുണ്ടായി.

Tags:    

Similar News