കെഎസ്ആര്‍ടിസി ബസുകളില്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ യാത്ര

നിയമസഭയില്‍ പ്രഖ്യാപനവുമായി ഗതാഗത മന്ത്രി

Update: 2025-10-09 05:15 GMT

തിരുവനന്തപുരം: ക്യാന്‍സര്‍ രോഗികള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സമ്പൂര്‍ണ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. നിയമസഭയിലാണ് മന്ത്രിയുടെ പ്രഖ്യാപനം. സൂപ്പര്‍ഫാസ്റ്റ് മുതല്‍ താഴോട്ടുള്ള എല്ലാ കെഎസ്ആര്‍ടിസി ബസുകളിലും ക്യാന്‍സര്‍ രോഗികള്‍ക്ക് സമ്പൂര്‍ണ സൗജന്യ യാത്ര അനുവദിക്കുമെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കി.

സ്വകാര്യ ആശുപത്രികളില്‍ ചികില്‍സക്കെത്തുന്നവര്‍ക്കും യാത്ര സൗജന്യമായിരിക്കും. കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് ഇന്നുതന്നെ തീരുമാനമെടുത്ത് പ്രഖ്യാപനം നടത്തുമെന്ന് മന്ത്രി പറഞ്ഞു. സഭയിലെ പ്രഖ്യാപനത്തിനിടെ ബഹളമുണ്ടാക്കിയ പ്രതിപക്ഷത്തെ മന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. പ്രതിപക്ഷത്തിന് ഇത് വലിയ കാര്യമായിരിക്കില്ല. പ്രഖ്യാപനം നടത്തിയപ്പോള്‍ പ്രതിപക്ഷം പറയുന്നത് ഷെയിം ഷെയിമെന്നാണ്. പ്രതിപക്ഷത്തിന് ഇത് ഷെയിമായിരിക്കും. പക്ഷേ രോഗികളെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags: