ഭൂമി തരംമാറ്റാനുള്ള നടപടി സ്വീകരിച്ചില്ലെന്ന പരാതി; വയനാട് ഡെപ്യൂട്ടി കളക്ടര്‍ സി ഗീതക്ക് സസ്‌പെന്‍ഷന്‍

Update: 2026-01-24 15:55 GMT

വയനാട്: വയനാട് റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ സി ഗീതയെ സര്‍വീസില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തു. നൂല്‍പ്പുഴ വില്ലേജില്‍ ഭൂമി തരം മാറ്റത്തിനുള്ള നടപടി സ്വീകരിച്ചില്ലെന്ന പരാതിയെത്തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. നൂല്‍പ്പുഴ സ്വദേശിയും കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ ജെ ദേവസ്യ റവന്യു മന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പിന്റെ നടപടി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഡാറ്റ ബാങ്കില്‍ നിന്ന് ഒഴിവാക്കിയ സ്ഥലവുമായി ബന്ധപ്പെട്ട അപേക്ഷയില്‍ അനാവശ്യമായ തടസവാദങ്ങള്‍ ഉന്നയിച്ചതായാണ് പരാതി.

നൂല്‍പ്പുഴ വില്ലേജിലെ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട പത്ത് സെന്റ് ഭൂമിയുടെ തരംമാറ്റലുമായി ബന്ധപ്പെട്ടാണ് ഗീതയ്‌ക്കെതിരേ പരാതി ഉയര്‍ന്നത്. ഈ ഭൂമി തരംമാറ്റുന്നതിനായി കെ ജെ ദേവസ്യയ്ക്ക് അനുകൂലമായ കോടതി വിധി ഉണ്ടായിരുന്നിട്ടും ഡെപ്യൂട്ടി കളക്ടര്‍ മനപൂര്‍വം കാലതാമസം വരുത്തുകയും നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട അപേക്ഷ കൈകാര്യം ചെയ്യുന്നതില്‍ ഉദ്യോഗസ്ഥയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകള്‍ ഉണ്ടായതായി റവന്യൂ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയതിനുപിന്നാലെയാണ് സസ്പെന്‍ഷന്‍ നടപടി.