സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭിണിക്ക് കാന്‍സറിനുള്ള മരുന്ന് മാറി നല്‍കിയതായി പരാതി

Update: 2026-03-11 10:19 GMT

ഇടുക്കി: തൊടുപുഴ നെടുങ്കണ്ടം കല്ലാര്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ഗര്‍ഭിണിക്ക് കാന്‍സറിനുള്ള ഗുളിക മാറി നല്‍കിയതായി പരാതി. ഫോളിക് ആസിഡ് ടാബ്ലറ്റിനുപകരം കാന്‍സറിന് ഉള്‍പ്പടെ ഉപയോഗിക്കുന്ന ഫോളിട്രാക്സ് നല്‍കിയതായാണ് ആരോപണം. രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് യുവതിയെ മറ്റൊരു ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗുളികയുടെ പാര്‍ശ്വഫലങ്ങള്‍ തിരിച്ചറിഞ്ഞത്.

കമ്പംമെട്ട് സ്വദേശിയായ അരുണിന്റെ ഭാര്യ അനു ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികില്‍സ തേടിയത്. പരിശോധിച്ച ശേഷം വിവിധ മരുന്നുകള്‍ നല്‍കി. രണ്ടുദിവസത്തിന് ശേഷം ഡിസ്ചാര്‍ജായ സമയത്ത് ലഭിച്ച ഗുളികകള്‍ പരിശോധിച്ചപ്പോഴാണ് ഗുളിക മാറിയ വിവരം കുടുംബമറിയുന്നത്. കാന്‍സര്‍ രോഗത്തിന് നല്‍കുന്ന ഫോളിട്രാക്സ് 5 എംജി ടാബ്ലറ്റാണ് മാറി നല്‍കിയത്.

രോഗം ഇല്ലാത്ത വ്യക്തി ഈ ഗുളിക കഴിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിനെയടക്കം ഗുരുതരമായി ബാധിക്കും. വീഴ്ചയില്‍ ആശുപത്രിക്കെതിരേ കുടുംബം നെടുങ്കണ്ടം പോലിസില്‍ പരാതി നല്‍കി. എന്നാല്‍, ഗുളിക മാറി നല്‍കിയിട്ടില്ലെന്നും ബില്ലില്‍ വന്ന പിഴവാണെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഗുളിക കൊടുക്കാന്‍ എടുത്തപ്പോള്‍ നഴ്സിന് മനസിലായെന്നും മാറ്റി നല്‍കിയെന്നുമാണ് ആശുപത്രിയുടെ വിശദീകരണം. ഈ വിവരം ആശുപത്രി റെക്കോര്‍ഡ്‌സില്‍ ഉണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.