യുവതിക്ക് നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന് പരാതി; പോലിസ് ഉദ്യോഗസ്ഥനെതിരേ കേസ്
നമ്പര്‍ വാങ്ങി രാത്രിയും പകലും ഫോണ്‍ വിളിച്ച് ശല്യം ചെയ്യുകയായിരുന്നു
കോഴിക്കോട്: യുവതിക്ക് നിരന്തരം അശ്ലീല സന്ദേശം അയച്ചെന്ന പരാതിയില്‍ പോലിസുകാരനെതിരേ കേസ്. കോഴിക്കോട് ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയിലെ ഉദ്യോഗസ്ഥനായ ഉണ്ണികൃഷ്ണനെതിരെയാണ് കേസ്. എരഞ്ഞിപ്പാലം സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്. ഉണ്ണികൃഷ്ണന്‍ നിരന്തരം അശ്ലീല സന്ദേശം അയച്ചു ശല്യം ചെയ്‌തെന്നാണ് പരാതി. അസമയങ്ങളില്‍ നിരന്തരമായി ഫോണില്‍ വിളിച്ച് അശ്ലീലം പറഞ്ഞെന്നും പരാതിയില്‍ പറയുന്നു. നേരത്തെ പരിചയമുണ്ടായിരുന്ന യുവതിയെ ഇയാള്‍ അടുത്ത കാലത്ത് വീണ്ടും പരിചയം പുതുക്കി ഫോണ്‍ നമ്പര്‍ വാങ്ങുകയായിരുന്നു.
പകലും രാത്രിയും നിരന്തരമായി ഫോണില്‍ വിളിച്ച് ശല്യം ചെയ്യാന്‍ തുടങ്ങിയെന്നാണ് യുവതിയുടെ പരാതി. എന്തിനാണ് വിളിച്ചതെന്ന് ചോദിച്ചപ്പോള്‍ വെറുതെ വിളിച്ചതാണെന്നായിരുന്നു പോലിസുകാരന്റെ മറുപടിയെന്ന് പരാതിക്കാരി പറയുന്നു. അശ്ശീല സന്ദേശങ്ങളയച്ചതിനെ തുടര്‍ന്ന് യുവതി നടക്കാവ് പോലിസിനെ സമീപിക്കുകയായിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതിനെത്തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു. ഈ ഉദ്യോഗസ്ഥനെതിരേ നേരത്തെയും സമാനപരാതികള്‍ ഉണ്ടായിരുന്നെന്നാണ് സൂചന. നടക്കാവ് പോലിസ് വിശദമായ അന്വേഷണം ആരംഭിച്ചു. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോലിസ് കടന്നിട്ടില്ല. പരാതി കൊടുത്തതിനു പിന്നാലെ ഇയാള്‍ പലതവണ വീട്ടിലെത്തി ബെല്ലടിച്ചു. എന്നാല്‍ പോലിസുകാരനാണ് വന്നതെന്ന് മനസിലായപ്പോള്‍ വാതില്‍ തുറന്നില്ല. രാത്രി രണ്ടുമണിക്കും വീട്ടില്‍ വന്നു ബെല്ലടിച്ചു. പിന്നീട് പോലിസുകാരന്റെ ഭാര്യ വീട്ടിലെത്തി കേസ് പിന്‍വലിക്കാന്‍ അപേക്ഷിച്ചെന്നും പരാതിക്കാരി പറയുന്നു.