കോഴിക്കോട്: പേരാമ്പ്ര പോലിസിനെതിരെ ഷാഫി പറമ്പില്‍ എംപി ലോക്‌സഭാ സ്പീക്കര്‍ക്കും പ്രിവിലേജ് കമ്മിറ്റിക്കും പരാതി നല്‍കി. തന്നെ പോലിസുകാര്‍ ലാത്തികൊണ്ട് അടിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് പരാതി. പേരാമ്പ്ര ഡിവൈഎസ്പി എന്‍ സുനില്‍കുമാര്‍, വടകര ഡിവൈഎസ്പി ഹരിപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് പോലിസുകാര്‍ മര്‍ദിച്ചതെന്നും റൂറല്‍ എസ്പി ഇക്കാര്യം സമ്മതിച്ച സാഹചര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം. റൂറല്‍ എസ്പി കെ ഇ ബൈജുവിനെതിരേയും പരാതിയില്‍ പരാമര്‍ശമുണ്ട്. പേരാമ്പ്രയിലെ സംഭവത്തിനുശേഷം റൂറല്‍ എസ്പി തന്നെ ഫോണില്‍വിളിച്ച് ദൗര്‍ഭാഗ്യകരമായ സംഭവമാണുണ്ടായതെന്ന് പറഞ്ഞു. എന്നാല്‍, അതേ റൂറല്‍ എസ്പി പിന്നീട് ഇക്കാര്യം പരസ്യമായി നിഷേധിച്ചു. പോലിസ് ലാത്തിച്ചാര്‍ജ് നടത്തിയിട്ടില്ലെന്ന് ആദ്യം പറഞ്ഞു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വളച്ചൊടിച്ച് പ്രസ്താവന നടത്തിയതായും പരാതിയില്‍ പറയുന്നു.
പേരാമ്പ്രയില്‍ ഒരു പ്രതിഷേധപരിപാടി സംഘടിപ്പിച്ചിരുന്നു. അതിലേക്കാണ് താന്‍ പോയത്. അവിടെ ക്രമസമാധാന പ്രശ്നമുണ്ടായിരുന്നില്ല. എന്നാല്‍, പോലിസ് ഇടപെട്ട് വഷളാക്കി. പേരാമ്പ്ര ഡിവൈഎസ്പി എന്‍ സുനില്‍കുമാര്‍, വടകര ഡിവൈഎസ്പി ഹരിപ്രസാദ് എന്നിവര്‍ സംഭവസമയത്ത് അവിടെയുണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്നും എംപി പരാതിയില്‍ ആവശ്യപ്പെട്ടു.