ഔദ്യോഗികസ്ഥാനം ദുരുപയോഗം ചെയ്തെന്ന്; മന്ത്രി വി ശിവന്‍കുട്ടിക്കെതിരേ പരാതി

Update: 2026-03-27 05:27 GMT

തിരുവനന്തപുരം: നേമം നിയോജകമണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും മന്ത്രിയുമായ വി ശിവന്‍കുട്ടി ഔദ്യോഗികസ്ഥാനം ദുരുപയോഗം ചെയ്തെന്ന് ബിജെപിയുടെ പരാതി.നേമം മണ്ഡലത്തിലെ ബിജെപി ലീഗല്‍ ഇന്‍ ചാര്‍ജ് അഡ്വ. പ്രകാശ് ആര്‍ സിയാണ് മണ്ഡലം വരണാധികാരിക്കു പരാതിനല്‍കിയത്.

മന്ത്രിയുടെ ഔദ്യോഗിക െലറ്റര്‍പാഡില്‍ വോട്ടര്‍മാരുടെ പിന്തുണയും സഹായവും അഭ്യര്‍ഥിച്ചുള്ള കത്ത് മണ്ഡലത്തിലെ വീടുകളില്‍ വിതരണം ചെയ്തുവെന്നാണ് പരാതി.

എന്നാല്‍, പരാതിയില്‍ പറഞ്ഞിരിക്കുന്നതുപ്രകാരം സംസ്ഥാനത്തിന്റെ ചിഹ്നം പതിച്ച ഔദ്യോഗിക ലെറ്റര്‍ പാഡ് ഉപയോഗിച്ചിട്ടില്ലെന്ന് വി ശിവന്‍കുട്ടി വരണാധികാരിക്കു നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത് മാര്‍ച്ച് 15നാണ്. ഈമാസം ആറിനാണ് മണ്ഡലത്തിലെ പ്രധാന വ്യക്തികള്‍ക്ക് കത്തയച്ച് ഭാവിപ്രവര്‍ത്തനങ്ങള്‍ക്കു സഹായവും പിന്തുണയും അഭ്യര്‍ഥിച്ചതെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.

Tags: