റാപ്പർ വേടനെ ജാതീയമായി അധിക്ഷേപിച്ച ഏഷ്യാനെറ്റ് ന്യൂസിനെതിരെ പട്ടികജാതി -പട്ടിക വർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് പരാതി

Update: 2025-05-01 16:36 GMT

കൊടുങ്ങല്ലൂർ: റാപ്പർ വേടനെ ജാതീയമായി അധിക്ഷേപിച്ച ഏഷ്യാനെറ്റ് ന്യൂസിനെതിരെ കേസെടുക്കണമെന്ന് പോലിസിൽ പരാതി. കവിയും കൊടുങ്ങല്ലൂർ പുല്ലൂറ്റ് സ്വദേശിയുമായ കെ എ ബിനീഷാണ് പട്ടികജാതി -പട്ടിക വർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണം എന്നാവശ്യപ്പെട്ട് കൊടുങ്ങല്ലൂർ ഡിവൈഎസ്പിക്ക് പരാതി നൽകിയിരിക്കുന്നത്.

കെ മാധവൻ (മാനേജിംഗ് ഡയറക്‌ടർ, ഏഷ്യാനെറ്റ് ന്യൂസ് ചാനൽ, തിരുവനന്തപുരം), എം ജി രാധാകൃഷ്ണ‌ൻ (ചീഫ് എഡിറ്റർ ,ഏഷ്യാനെറ്റ് ന്യൂസ് ചാനൽ) എന്നിവരാണ് എതിർ കക്ഷികൾ.

റിപോർട്ടർ ടിവി ചാനൽ എഡിറ്റർ ഡോ. അരുൺ കുമാറിനെ പരാതിയിൽ സാക്ഷിയാക്കിയിട്ടുണ്ട്. 


പരാതിയുടെ പൂർണരൂപം താഴെ

ബഹുമാനപ്പെട്ട കൊടുങ്ങല്ലൂർ DYSP അവർകൾ മുമ്പാകെ

വിഷയം: 1989 പട്ടികജാതി/ വർഗ്ഗ അതിക്രമം തടയൽ നിയമം വകുപ്പ് പ്രകാരം കേസ് എടുക്കുന്നതിനെ സംബന്ധിച്ച്.

സർ,

ഞാൻ മേപ്പടി വിലാസത്തിൽ സ്ഥിരതാമസക്കാരനും പട്ടികജാതി/വേട്ടുവ വിഭാഗ അംഗവുമാണ്. 2025 ഏപ്രിൽ 28 തീയതിയിൽ കേരളത്തിലെ പ്രശസ്ത‌ റാപ്പ് ഗായകൻ വേടൻ എന്ന പേരിലറിയപ്പെടുന്ന ഹിരൻദാസ് മുരളി എന്നവരെ കഞ്ചാവ് കൈവശം വെച്ചതിനും മറ്റുമായി കേസ് റജിസ്റ്റർ ചെയ്‌തിട്ടുളളതും ആയതിൻ്റെ നടപടികൾ തുടരുകയുമാണ്. എന്നാൽ പോലീസ് നില നിൽക്കുന്ന ചട്ടങ്ങളുമായി മുന്നോട്ട് പോകവേ, കേരളത്തിലെ ചില സ്വകാര്യ ചാനലുകൾ വേടൻ എന്ന പേരിലറിയപ്പെടുന്ന ഹിരൻദാസ് മുരളി ടിയാൻ പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുന്ന വ്യക്തി എന്ന് തിരിച്ചറിഞ്ഞ് ടിയാനെ പൊതു സമൂഹത്തിൽ മനഃപൂർവ്വം ജാതിയമായി അവഹേളിച്ച് വരികയാണ്.

ഇത് 1989-SC/ST അതിക്രമം തടയൽ നിയമ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്. വേടൻ എന്ന പേരിൽ വിദേശത്തും ഇന്ത്യയിലും വിവിധ സംസ്ഥാനങ്ങളിലും നമ്മുടെ സംസ്ഥാനത്തും റാപ്പ് മ്യൂസിക്ക് നടത്തിവരുന്നു എന്നുള്ളതും ജനങ്ങൾക്കും വാർത്താ മാധ്യമങ്ങൾക്കും വ്യക്തമായ അറിവും ധാരണയുമുളളതാണ്.

ഇക്കാര്യം അറിഞ്ഞിട്ടും കേരളത്തിലെ ഒരു സ്വകാര്യ ചാനലായ ഏഷ്യാനെറ്റ് തങ്ങളുടെ തത്സമയ വാർത്താ സംപ്രേക്ഷണത്തിൽ മേപ്പടി വേടന്റെ പ്രശസ്തതവും ജനങ്ങൾ ഏറ്റുപാടി കൊണ്ടിരിക്കുന്നതുമായ "വിയർപ്പ് തുന്നിയിട്ട കുപ്പായം" എന്ന വരിയെ ചുവട് പിടിച്ച്, വേടൻ്റെ ചിത്രം പ്രദർശിപ്പിച്ച് "കഞ്ചാവ് തുന്നിയിട്ട കുപ്പായം" എന്ന ടൈറ്റിൽ വിശേഷണം പ്രദർശിപ്പിച്ച് കൊണ്ട് മേപ്പടി ഗായകനെ അവഹേളിച്ചിട്ടുള്ളതും ആയത് വഴി പൊതു സമൂഹ ത്തിൽ ജാതീയമായി അവഹേളിക്കപ്പെട്ടിട്ടുള്ളതുമാണ്.

1989-SC/ST അതിക്രമം തടയൽ നിയമം വകുപ്പ് സെക് ഷൻ : 3(6) പ്രകാരവും 1.T. ACT BNS പ്രകാരവും കുറ്റകരവും ശിക്ഷാർഹവുമാണെന്നി രിക്കെ രാജ്യത്ത് നിലനിൽക്കുന്ന നിയമ സംവിധാനങ്ങൾ അതിൻ്റെ നടപടികളുമായി മുന്നോട്ട് പോകുമ്പോൾ, കുറ്റാരോപിതനായ SC വിഭാഗത്തിൽപ്പെടുന്ന പ്രശസ്തനായ വ്യക്തിയെ കുറ്റവാളിയായി ചിത്രീകരിക്കുന്നത് നിയമവിരുദ്ധവും ഇന്ത്യൻ ഭരണഘടന ഒരു പൗരന് ഉറപ്പുനൽകുന്ന മൗലിക അവകാശങ്ങളുടെ ലംഘനവും ആണ്.

പട്ടിക വിഭാഗത്തിൻ്റെ സാംസ്‌കാരിക ഉയർച്ചക്ക് വലിയ സംഭാവനകൾ നൽകി കൊണ്ടിരിക്കുന്നതും, ടി വിഭാഗത്തിൻ്റെ പൊതു സ്വത്തും ആയ വ്യക്തിയെ ഏഷ്യാനെറ്റ് ന്യൂസ് ചാനലിലൂടെ "കഞ്ചാവ് തുന്നിയിട്ട കുപ്പായം" എന്ന അവഹേളനപ്രയോഗം ഞാനുൾപ്പെടുന്ന പട്ടികവിഭാഗത്തിന് ജാതീയമായ അവഹേളനം അനുഭവപ്പെട്ടിട്ടുള്ളതും മാനസിക വ്യഥയും ഉണ്ടായിട്ടുള്ളതാണ്. റിപ്പോർട്ടർ ന്യൂസ് ചാനലിൻ്റെ ചീഫ് എഡിറ്റർമാരിൽ ഒരാളാണ് മൂന്നാം എതിർകക്ഷി. ഏഷ്യാനെറ്റ് വാർത്താചാനലിൻ്റെ അവഹേളന ക്യാപ്ഷനെ പരസ്യമായി ടിയാന്റെ വാർത്താ ചാനലിൽ ക്യാപ്ഷനെ വിമർശിക്കുകയും തളളികള യുകയും ചെയ്തതിട്ടുണ്ട്. ടി എതിർകക്ഷിക്കെതിരെ യാതൊരു നടപടികളും ആവശ്യപ്പെടുന്നില്ല. കേസിൻ്റെ ആവശ്യപ്രകാരമാണ് ടിയാനെ എതിർകക്ഷി കക്ഷി ചേർത്തിട്ടുളളത്.

ആയതുകൊണ്ട് അങ്ങയുടെ സമക്ഷത്തിൽ വേടൻ എന്ന നാമധേയ ത്തിൽ അിറയപ്പെടുന്നതും ഹിരൻദാസ് മുരളി എന്ന റാപ്പ് ഗായകനെ സ്വകാര്യ ചാനലായ ഏഷ്യാനെറ്റ് വാർത്താചാനലിലൂടെ ജാതീയതിക്ഷേപം നടത്തിയ തിൽ 1989-SC/ST ACT, Sec: 3(6) പ്രകാരവും I T ആക്‌ട് BNS പ്രകാരവും കേസെടുക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

കൊടുങ്ങല്ലൂർ

01.05.2025

കെ. എ.ബിനീഷ്