തിരുവനന്തപുരം: അങ്കണവാടി ടീച്ചര്‍ രണ്ടരവയസ്സുകാരിയുടെ മുഖത്തടിച്ചതായി പരാതി. തിരുവനന്തപുരത്ത് മൊട്ടമൂട് പറമ്പുക്കോണത്ത് പ്രവര്‍ത്തിക്കുന്ന അങ്കണവാടിയിലാണ് സംഭവം നടന്നത്. ഇന്നലെ അങ്കണവാടി വിട്ട് വന്ന കുഞ്ഞിനെ കുളിപ്പിക്കുമ്പോഴാണ് കുഞ്ഞിന്റെ മുഖത്ത് മാതാവ് കൈപ്പാട് കാണുന്നത്. ശേഷം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ കുഞ്ഞിനെ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ടീച്ചര്‍ കുട്ടിയെ മര്‍ദ്ദിച്ചതായി കണ്ടെത്തിയത്.
മൂന്ന് വിരല്‍പ്പാടുകളാണ് കുഞ്ഞിന്റെ മുഖത്ത് ഉണ്ടായിരിക്കുന്നത്. ചെവിയുടെ ഉള്‍ഭാഗത്ത് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രി അധികൃതര്‍ ബാലാവകാശ കമ്മീഷന് പരാതി കൈമാറി. അങ്കണവാടിയിലെ അധ്യാപികയായ പുഷ്പകലക്കെതിരേ കേസെടുക്കുമെന്നാണ് വിവരം.