പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സഹപാഠികള്‍ മര്‍ദ്ദിച്ചതായി പരാതി. പരിക്കേറ്റ വിദ്യാര്‍ഥി അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. മൂക്കില്‍ രണ്ട് ഒടിവ് സംഭവിച്ചിട്ടുണ്ട്. കണ്ണിന് സമീപത്തെ അസ്ഥിക്കും പൊട്ടലുണ്ട്. സംഭവത്തില്‍ വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ കൂടല്‍ പോലിസില്‍ പരാതി നല്‍കി.
ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. വിദ്യാര്‍ഥികള്‍ കളിക്കുന്നതിനിടെ വാക്കു തര്‍ക്കമുണ്ടായി. പിന്നാലെ, വിദ്യാര്‍ഥികള്‍ ചേര്‍ന്ന് സഹപാഠിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ 16കാരന്റെ മൂക്കിന് പൊട്ടലേറ്റു. കണ്ണിനു താഴെയുള്ള അസ്ഥിക്കും പരിക്കുണ്ട്. ശരീരമാസകലം ചതവേറ്റതായും വിദ്യാര്‍ഥി പറഞ്ഞു.
തന്റെ മകന് ക്രൂരമര്‍ദ്ദനം ഏറ്റെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി വേണമെന്നും മാതാപിതാക്കള്‍ പറഞ്ഞു. സംഭവം ഒതുക്കി തീര്‍ക്കാന്‍ ചില ഇടപെടലുകള്‍ നടന്നതായും കുടുംബം ആരോപിച്ചു. സംഭവത്തില്‍ വിദ്യാര്‍ഥിയുടെ മൊഴിയടക്കം രേഖപ്പെടുത്തി അന്വേഷണം ശേഷം മുന്നോട്ടു കൊണ്ടുപോകാനാണ് പോലിസിന്റെ തീരുമാനം.