സിനിമാ നടന്‍ കൃഷ്ണപ്രസാദ് മര്‍ദിച്ചുവെന്ന് പരാതി; എന്‍ഡിഎ സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹം ഉള്ളതിനാലാണ് ആരോപണമെന്ന് നടന്‍

Update: 2026-01-22 07:36 GMT

ചങ്ങനാശേരി: സിനിമാ നടന്‍ കൃഷ്ണപ്രസാദ് മര്‍ദിച്ചുവെന്ന് പരാതി. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ കോട്ടയം ശ്രീനിലയം വീട്ടില്‍ ഡോ. ബി ശ്രീകുമാറാണ് (67) നടനെതിരേ പോലിസില്‍ പരാതി നല്‍കിയിരിക്കുന്നത്.ചങ്ങനാശേരി പെരുന്ന സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിനടുത്ത് ഭാര്യയുടെ പേരിലുള്ള പുരയിടത്തില്‍ എത്തിയപ്പോഴാണ് മര്‍ദനമുണ്ടായതെന്ന് പരാതിയില്‍ പറയുന്നു.

ശ്രീകുമാര്‍ ഇവിടെ പുതിയ വീട് നിര്‍മിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി തൊഴിലാളികള്‍ കല്ലുകെട്ടിയപ്പോള്‍ കൃഷ്ണപ്രസാദ് എത്തി തടയുകയും ഇനി കല്ലുകെട്ടിയാല്‍ പൊളിച്ച് കളയുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെ ഡോക്ടര്‍ സ്ഥലത്തെത്തിയപ്പോള്‍ കൃഷ്ണപ്രസാദും സുഹൃത്തും ചേര്‍ന്ന് മര്‍ദിച്ചതെന്നാണ് പരാതി.

എന്നാല്‍ വയല്‍ നികത്തിയ സ്ഥലത്താണ് ഡോക്ടര്‍ വീട് വയ്ക്കുന്നതെന്നും ഇവിടെ റോഡിനോട് ചേര്‍ന്ന് വെള്ളമൊഴുകുന്ന ഓട നികത്താനുള്ള ശ്രമം ചോദ്യം ചെയ്യുക മാത്രമാണ് താന്‍ ചെയ്തതെന്നും നടന്‍ കൃഷ്ണപ്രസാദ് പ്രതികരിച്ചു. ഇത് തന്റെ മാത്രം ആവശ്യമല്ലെന്നും സ്ഥലത്തെ നാല്‍പ്പതോളം കുടുംബങ്ങളുടെ പൊതു ആവശ്യമാണെന്നും അതിനാലാണ് ഇടപെട്ടതെന്നും കൃഷ്ണപ്രസാദ് പറഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്വതന്ത്ര സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹം ഉള്ളതിനാലാണ് തനിക്കെതിരെ ആരോപണം ഉയരുന്നതെന്നും നടന്‍ പറഞ്ഞു.

Tags: