സ്‌കൂള്‍ ബസുകള്‍ കത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് പരാതി

ബസുകളിലേക്ക് ട്രാവലര്‍ ഇടിച്ചു കയറ്റിയ നിലയിലായിരുന്നു

Update: 2026-02-23 03:53 GMT

തിരുവനന്തപുരം: ചേങ്കോട്ടുകോണം തുണ്ടത്തില്‍ ട്രിവാന്‍ഡ്രം സ്‌കോട്ടിഷ് സ്‌കൂളിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് സ്‌കൂള്‍ ബസുകള്‍ കത്തി നശിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് സ്‌കൂള്‍ അധികൃതരുടെ പരാതി. സ്‌കൂള്‍ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ക്ക് ആരോ തീയിട്ടതാണെന്നാണ് സ്‌കൂള്‍ അധികൃതരുടെ പരാതി. ബസുകളിലേക്ക് ട്രാവലര്‍ ഇടിച്ചു കയറ്റിയ നിലയിലായിരുന്നു. ഈ ട്രാവലര്‍ മറ്റൊരിടത്താണ് നിര്‍ത്തിയിട്ടിരുന്നത്. സംഭവത്തില്‍ കഴക്കൂട്ടം പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇന്ന് പുലര്‍ച്ചെ 2.45ഓടെയാണ് ബസുകള്‍ കത്തിനശിച്ചത്.

ബസുകള്‍ ആരോ കത്തിച്ചതാണെന്നാണ് സ്‌കൂള്‍ അധികൃതരുടെ പരാതി. രണ്ട് വലിയ ബസുകളും ഒരു ടെമ്പോ ട്രാവലര്‍ മിനിബസുമാണ് പൂര്‍ണമായും കത്തിനശിച്ചത്. വലിയ ബസുകളെല്ലാം ഒരുമിച്ചാണ് നിര്‍ത്തിയിട്ടിരുന്നത്. ഒരു ടെമ്പോ ട്രാവലര്‍ മറ്റൊരു സ്ഥലത്തും പാര്‍ക്ക്ചെയ്തിരുന്നു. എന്നാല്‍, ടെമ്പോ ട്രാവലര്‍ ബസുകളിലേക്ക് ഇടിച്ചുകയറ്റിയശേഷമാണ് തീയിട്ടതെന്നാണ് പറയുന്നത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാല്‍ മാത്രമേ കൂടുതല്‍ വ്യക്തതവരികയുള്ളൂവെന്ന് പോലിസ് പറഞ്ഞു.

സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്ത ബസുകളാണ് കത്തിയത്. മൂന്നു ബസുകള്‍ പൂര്‍ണമായും ഒരു ബസ് ഭാഗികമായും കത്തിനശിച്ചു. പുലര്‍ച്ചെ തീ ആളിക്കത്തുന്നത് കണ്ട നാട്ടുകാരാണ് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് കഴക്കൂട്ടം, ചാക്ക എന്നിവിടങ്ങളില്‍നിന്ന് അഗ്‌നിരക്ഷാസേന യൂണിറ്റുകളെത്തി തീയണയ്ക്കുകയായിരുന്നു. ഉടന്‍തന്നെ തീയണയ്ക്കാനായത് വലിയ അപകടം ഒഴിവാക്കി. ഈ സമയത്ത് ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമേ സ്‌കൂളില്‍ ഉണ്ടായിരുന്നുള്ളൂ. അതേസമയം, തീപിടിത്തത്തിന് എന്താണ് കാരണമെന്ന് വ്യക്തമല്ല. സിസിടിവി ഉള്‍പ്പെടെ പോലിസ് പരിശോധിച്ചുവരികയാണ്.